
കോട്ടയം: കേരള വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ആരംഭിച്ച ''വേഗ 2 എ.സി ബോട്ടി''ന് ആവേശകരമായ സ്വീകരണം. വേമ്പനാട്ടുകായലിലൂടെ പ്രകൃതി സൗന്ദര്യം നുകരാൻ ആളുകൾ കൂട്ടത്തോടെ എത്തിയതോടെ ജീവനക്കാരും സന്തോഷത്തിലാണ്. കഴിഞ്ഞ ശനി, ഞായർ ദിവസങ്ങളിൽ ബോട്ട് നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്നു. കോട്ടയം-ആലപ്പുഴ സർവീസ് രണ്ടു മാസങ്ങൾക്കുള്ളിൽ തുടങ്ങാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മണിക്കൂറിൽ 25 കിലോമീറ്ററാണ് ബോട്ടിന്റെ വേഗത.
ആലപ്പുഴ-കുമരകം സർക്കുലർ സർവ്വീസാണ് വേഗ 2 ആരംഭിച്ചിട്ടുള്ളത്. ടൂറിസ്റ്റുകളെ ലക്ഷ്യമാക്കിയാണ് ഈ സർവീസ്. രാവിലെ11.30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന വേഗ 2 പുന്നമട, മുഹമ്മ, കായിപ്പുറം, പാതിരാമണൽ, ആർ ബ്ളോക്ക് വഴി തിരിച്ച് വൈകുന്നേരം അഞ്ചിന് ആലപ്പുഴയിൽ എത്തുംവിധമാണ് ട്രീപ്പ് സജ്ജമാക്കിയിട്ടുള്ളത്. ടൂറിസം ട്രിപ്പിന് എ.സിക്ക് 600 രൂപയും നോൺ എ.സിക്ക് 400 രൂപയുമാണ് നിരക്ക്. ബോട്ടിൽ കുടുംബശ്രീയുടെ ഭക്ഷണശാലയുമുണ്ട്. ഭക്ഷണം കഴിക്കണമെങ്കിൽ അതിന് ചാർജ് ഈടാക്കും. തുച്ഛമായ തുകയാണ് ഭക്ഷണത്തിന് വാങ്ങുന്നതെന്ന് ജീവനക്കാർ പറഞ്ഞു.
കോട്ടയം -ആലപ്പുഴ റൂട്ടിൽ യാത്രാസർവ്വീസും ലക്ഷ്യമാക്കിയാണ് വേഗ 2 ആരംഭിച്ചത്. തത്ക്കാലം ടൂറിസ്റ്റ് സർവീസാണ് ആരംഭിച്ചിട്ടുള്ളത്. 120 പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ 40 എ.സി. സീറ്റും 80 നോൺ എ.സി സീറ്റുമാണുള്ളത്. വേഗ 2 ആലപ്പുഴ-കോട്ടയം സർവീസ് ആരംഭിച്ചാൽ ആലപ്പുഴയിൽ നിന്നും ഒരു മണിക്കൂറിനുള്ളിൽ കോട്ടയത്ത് എത്താനാവും. രാവിലെ 7.30ന് കോട്ടയത്ത് നിന്ന് പുറപ്പെടുന്ന വേഗ 8.30ന് ആലപ്പുഴയിൽ എത്തും. തുടർന്ന് ടൂറിസം സർക്കുലർ സർവ്വീസ് നടത്താനാണ് പരിപാടി. വൈകിട്ട് 5.30ന് ആലപ്പുഴയിൽ നിന്ന് പുറപ്പെടുന്ന വേഗ 6.30ന് കോട്ടയത്തെത്ത് എത്തി വിശ്രമിക്കും.