
കോട്ടയം: ടൂറിസ്റ്റുകളെ ആകർഷിക്കാൻ പുതുവർഷ പാർട്ടികളും വിവിധ പാക്കേജുകളും ഓഫറുകളുമായി കുമരകം ഒരുങ്ങി. നിരക്ക് പകുതിയാക്കിയാണ് ടൂറിസ്റ്റുകളെ ആകർഷിക്കുന്നത്. രണ്ട് പ്രളയവും കൊവിഡും മൂലം ടൂറിസ്റ്റുകൾ എത്തിനോക്കാതായതോടെയാണ് വൻ ഓഫറുമായി കുമരകത്തെ ഹോട്ടലുകൾ രംഗത്ത് വന്നിട്ടുള്ളത്. ഒപ്പം ഹൗസ് ബോട്ട് ഉടമകളും. ഇതോടെ കൊവിഡ് നിയന്ത്രണംമൂലം മടിച്ചുനിന്നിരുന്ന വിനോദസഞ്ചാരികൾ കുമരകത്ത് എത്തിത്തുടങ്ങി. പുതുവർഷപുലരി ആഘോഷമാക്കാൻ ഹോട്ടലുകളിലും റിസോർട്ടുകളിലും മുറികൾ ബുക്ക് ചെയ്തുതുടങ്ങി.
ചാർജ് കുറച്ചതുമൂലം വരുമാനം കുറയുമെങ്കിലും സഞ്ചാരികളുടെ എണ്ണം കൂടുന്നത് ടൂറിസം മേഖലയിൽ ഉണർവുണ്ടാക്കുമെന്നാണ് ഹോട്ടൽ - റിസോർട്ട് ഉടമകളുടെ പ്രതീക്ഷ. വിദേശസഞ്ചാരികൾ കൂടുതൽ എത്തുന്നതോടെ ടൂറിസം മേഖലക്ക് മാന്ദ്യത്തിൽ നിന്ന് കരകയറാനാകുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. താമസിയാതെ വിദേശ ടൂറിസ്റ്റുകൾ എത്തിത്തുടങ്ങുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഇതോടെ കുമരകം പഴയ പ്രതാപത്തിലേക്ക് മടങ്ങിവരും.
ഡിസംബർ ആദ്യത്തോടെ തന്നെ ആഭ്യന്തര സഞ്ചാരികളുടെ ബുക്കിങ് വർദ്ധിച്ചതായി ഹോട്ടൽ ഉടമകൾ വ്യക്തമാക്കി. വടക്കേ ഇന്ത്യയിൽ നിന്നുള്ള ടൂറിസ്റ്റുകളാണ് കൂടുതലായി ബുക്ക് ചെയ്തിട്ടുള്ളത്. ഇതോടെ ഏറെ പ്രതീക്ഷയിലാണ് കുമരകത്തെ പഞ്ചനക്ഷത്ര ഹോട്ടലുകാർ. ഒപ്പം ഹൗസ് ബോട്ട് ഉടമകളും ജീവനക്കാരും. മാർച്ചിൽ അടച്ചിട്ട കുമരകത്തെ ടൂറിസം മേഖല കഴിഞ്ഞ ഒക്ടോബർ 12നാണ് തുറന്നത്. എന്നാൽ കാര്യമായി ആരുംതന്നെ റിസോർട്ടുകളിലേക്ക് എത്തിയിരുന്നില്ല. ഡിസംബർ - ജനുവരി മാസങ്ങളാണ് കുമരകത്തെ പ്രധാന ടൂറിസം സീസൺ. പൂജ അവധിയോടെ തുടങ്ങുന്ന സഞ്ചാരികളുടെ തിരക്ക് ജനുവരി വരെ നീളാറാണ് പതിവ്. എന്നാൽ, കൊവിഡ് മൂലം പൂജ അവധിയും നിഷ്പ്രഭമാവുകയായിരുന്നു.
വിദേശ ടൂറിസ്റ്റുകളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളും കുമരകത്തെ കൈവിട്ടപ്പോൾ സംസ്ഥാനത്തുള്ള ചുരുക്കം ചിലർ മാത്രമാണ് ഇക്കാലയളവിൽ എത്തിയത്. നെഹ്റു ട്രോഫി വള്ളംകളി സമയത്ത് ഏതാനും ചിലർ കുമരകത്ത് എത്തി മടങ്ങിയിരുന്നു. ബാക്കി സമയങ്ങളിൽ മിക്ക റിസോർട്ടുകളും ഏകദേശം പൂട്ടിയ അവസ്ഥയിലായിരുന്നു. കോടികളുടെ നഷ്ടമാണ് ഇക്കാലയളവിൽ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഹൗസ് ബോട്ട് ഉടമകൾക്കും സംഭവിച്ചത്. ഇത് നികത്തി എടുക്കണമെങ്കിൽ വർഷങ്ങൾ തന്നെ വേണ്ടിവരും. മിക്കവരും ലോൺ എടുത്താണ് കെട്ടിടങ്ങളും മറ്റും നിർമ്മിച്ചിട്ടുള്ളത്. ജീവനക്കാർക്ക് ശമ്പളത്തിനുള്ള വക പോലും ലഭിച്ചിരുന്നില്ല. കൂടുതൽ ടൂറിസ്റ്റുകൾ എത്തിയാൽ ഈ മേഖല രക്ഷപ്പെടും. അതിനാലാണ് ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും നിരക്ക് പകുതിയാക്കി കുറച്ചത്.
ടൂറിസം മേഖല സ്തംഭിച്ചതോടെ ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് ജോലി ഇല്ലാതായി. അന്നം മുട്ടിയതോടെ സ്ത്രീതൊഴിലാളികൾ അടക്കമുള്ളവർ മറ്റ് തൊഴിലുകളിലേക്ക് മാറിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് റിസോർട്ടുകളും ഹോട്ടലുകളും പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയതോടെ കുറച്ച് ജീവനക്കാർ തിരിച്ചെത്തിയിട്ടുണ്ട്. കുമരകത്തേക്ക് ടൂറിസ്റ്റ് പ്രവാഹമാവുന്നതോടെ ടൂറിസം മേഖല വിട്ട തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റിസോർട്ട് ഉടമകൾ.