
കോട്ടയം: പള്ളം ബ്ലോക്ക് പഞ്ചായത്തിൽ തുടർച്ചയായ മൂന്നാം തവണയും പ്രസിഡൻ്റ് സ്ഥാനം പുരുഷന്. 2010 ൽ പള്ളം ബ്ലോക്ക് പഞ്ചായത്തിൽ പുരുഷനായിരുന്നു പ്രസിഡൻ്റ്, കഴിഞ്ഞ വർഷം പട്ടികജാതി സംവരണമായെങ്കിലും പുരുഷൻ തന്നെ പ്രസിഡൻ്റായി. ഇക്കുറി വനിതയ്ക്ക് അവസരം നൽകേണ്ടതായിരുന്നു.
ജില്ലയിലെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരത്തിൽ അദ്ധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്. തുടർച്ചയായ രണ്ടു തവണ സംവരണം വന്നാലും അടുത്ത തവണയും വനിതാ സംവരണം തന്നെ വേണമെന്ന ഹൈക്കോടതി വിധി ഉള്ളപ്പോഴാണ് പള്ളം ബ്ലോക്ക് പഞ്ചായത്തിലെ ചട്ടലംഘനം.
പനച്ചിക്കാട് പഞ്ചായത്തിൽ 2010 ൽ വനിതാ സംവരണമായിരുന്നു. 2015 ൽ പട്ടികജാതി സംവരണമായി. എന്നാൽ, ഇക്കുറി വീണ്ടും വനിതാ സംവരണമാക്കി. കോട്ടയം നഗരസഭയിലും സമാന രീതിയിലായിരുന്നു അദ്ധ്യക്ഷനെ തീരുമാനിച്ചത്. എന്നാൽ, പള്ളം ബ്ലോക്കിൽ മാത്രം ഇതു പാലിച്ചില്ല.