
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള അദ്ധ്യക്ഷൻമാരെയും ഉപാദ്ധ്യക്ഷന്മാരെയും തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് 28 ന് നടക്കും. ഈരാറ്റുപേട്ടയും പാലയും വൈക്കവും ഒഴികെയുള്ള നഗരസഭകളിലെല്ലാം ഇപ്പോഴും അനിശ്‌ചിതത്വം തുടരുകയാണ്.
കോട്ടയത്ത് നറുക്കെടുപ്പ്
കോട്ടയം നഗരസഭയിൽ സ്വതന്ത്രയായ ബിൻസിയുടെ പിന്തുണ യു.ഡി.എഫ് ഉറപ്പിച്ചിട്ടുണ്ട്. അഞ്ചു വർഷവും ചെയർമാനാക്കാമെന്ന ധാരണയിലാണിത്. എന്നാൽ ഇരു മുന്നണികൾക്കും 22 സീറ്റായതിനാൽ ചെയർപേഴ്‌സണെ തീരുമാനിക്കാൻ നറുക്കെടുപ്പ് വേണ്ടി വരും. ഇടതു മുന്നണിയിൽ നിന്ന് അഡ്വ.ഷീജാ അനിലിന്റെയും ടി.എൻ സരസമ്മാളിന്റെയും പേരുകളാണ് പരിഗണിക്കുന്നത്.
ചങ്ങനാശേരിയിൽ സ്വതന്ത്രർ നിർണായകം
ചങ്ങനാശേരി നഗരസഭയിൽ ഒരു കക്ഷികൾക്കും ഭൂരിപക്ഷമില്ല. എൽ.ഡി.എഫിനു 16 സീറ്റും യു.ഡി.എഫിന് 15 സീറ്റുമാണുള്ളത്. സ്വതന്ത്രരായ സന്ധ്യാ മനോജ്, ബീന ജോബി തൂമ്പുങ്കൽ, ബെന്നി ജോസഫ് എന്നിവരുടെ പിന്തുണ നിർണ്ണായകമാകും. സന്ധ്യയും ബീനയും ചെയർപേഴ്‌സൺ സ്ഥാനത്തിനു അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഇരുവരെയും ചെയർപേഴ്‌സൺ ആക്കാമെന്ന ധാരണയിൽ യു.ഡി.എഫ് എത്തിയിട്ടുണ്ട്.
വൈക്കത്ത് യു.ഡി.എഫ് തന്നെ
വൈക്കം നഗരസഭയിൽ ആർക്കും കേവല ഭൂരിപക്ഷമില്ലെങ്കിലും, 11 സീറ്റുള്ള യു.ഡി.എഫ് ഭരിക്കുന്നതിനാണ് സാദ്ധ്യത. ഇടതു മുന്നണിയ്‌ക്ക് ഒൻപത് സീറ്റും, ബി.ജെ.പിയ്‌ക്ക് നാലു സീറ്റുമുണ്ട്. രണ്ട് സ്വതന്ത്രരും. ബി.ജെ.പിയും, എൽ.ഡി.എഫും സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്തിയാൽ സ്വാഭാവികമായും യു.ഡി.എഫിനു കൂടുതൽ വോട്ടുമായി ഭരണം പിടിക്കാൻ സാധിക്കും. രാധിക ശ്യാം, പ്രീത രാജേഷ്, രേണുക രതീഷ് എന്നിവരുടെ പേരുകളാണ് ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്.
പാലായിൽ ജോസ് വിഭാഗം
പാലാ നഗരസഭയിൽ ജോസ് കെ.മാണിയുടെ കേരള കോൺഗ്രസ് തന്നെ ഭരണം നടത്തും. ആന്റോ ജോസഫ് പടിഞ്ഞാറേക്കരയാണ് ചെയർമാൻ സ്ഥാനാർത്ഥി. 17 സീറ്റുള്ള എൽ.ഡി.എഫിനു വ്യക്തമായ ഭൂരിപക്ഷമുണ്ട്. അഞ്ചു സീറ്റുള്ള സി.പി.എമ്മിന് ചെയർമാൻ സ്ഥാനം തത്കാലം ലഭിക്കാനിടയില്ല. യു.ഡി.എഫിനു എട്ടും ബി.ജെ.പിയ്‌ക്ക് ഒരു സീറ്റുമാണ് നഗരസഭയിൽ ഉള്ളത്.
ഏറ്റുമാനൂരിലും സ്വതന്ത്രർ തീരുമാനിക്കും
സ്വതന്ത്രരായ ബീനാ ഷാജി, സുനിത ബിനീഷ്, വിജി ജോർജ് എന്നിവരാണ് ഏറ്റുമാനൂരിൽ ഭരണം തീരുമാനിക്കുക. ഇരു മുന്നണികളുമായും ഇവർ ചർച്ച നടത്തുന്നുണ്ട്. അദ്ധ്യക്ഷ സ്ഥാനം വേണമെന്നാണ് ബീനയുടെ നിലപാട്. സുനിതയ്ക്ക് സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം വേണമെന്നും. ആകെ 35 സീറ്റുള്ള നഗരസഭയിൽ എൽ.ഡി.എഫിന് 12 സീറ്റും യു.ഡി.എഫിന് 13 സീറ്റും എൻ.ഡി.എയ്ക്ക് ഏഴു സീറ്റുമുണ്ട്.
ഈരാറ്റുപേട്ടയിൽ യു.ഡി.എഫ്
ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. മുസ്ലീം ലീഗിലെ സുഹ്‌റ അബ്ദുൾ ഖാദറിനെയാണ് ചെയർപേഴ്‌സൺ സ്ഥാനത്തേയ്ക്കു പരിഗണിക്കുന്നത്. 28 ൽ 14 അംഗങ്ങളുള്ള യു.ഡി.എഫിനു തന്നെയാണ് മുൻതൂക്കം. മുസ്ലീം ലീഗിനു പത്ത് അംഗങ്ങളും കോൺഗ്രസിനു നാല് അംഗങ്ങളുമുണ്ട്. ഒൻപത് അംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്.