പാലാ : നഗരസഭ അദ്ധ്യക്ഷൻ ആര് ? ഇത്രനാളും പ്രചരിച്ച ഊഹാപോഹങ്ങൾക്കൊക്കെ ഇന്ന് കൃത്യമായ മറുപടി ഉണ്ടാവും. ഇടതുമുന്നണിയുടെ പാർലമെന്ററി പാർട്ടി യോഗം ഇന്ന് വൈകിട്ട് നഗരസഭയിലേക്കുള്ള തങ്ങളുടെ ചെയർമാൻ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കും. നാളെ രാവിലെ 11 നാണ് ചെയർമാൻ തിരഞ്ഞെടുപ്പ്. 2 ന് വൈസ് ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പും. ഇന്നലെ ചെയർമാൻ സ്ഥാനം സംബന്ധിച്ച് അനൗപചാരിക ചർച്ചകളെ നടന്നിട്ടുള്ളൂ. പാർട്ടി ചെയർമാൻ ജോസ് കെ. മാണി സ്ഥലത്തില്ല. ഇന്ന് അദ്ദേഹം പാലായിൽ വന്നതിന് ശേഷം കൗൺസിലർമാരുടെ അഭിപ്രായങ്ങൾക്കൂടി പരിഗണിച്ച ശേഷമേ നിർണായക തീരുമാനമുണ്ടാകൂ.
നഗരസഭ ചെയർമാൻ സ്ഥാനം 5 വർഷവും പൂർണമായി കിട്ടണമെന്ന് ജോസ് വിഭാഗവും തങ്ങൾക്കും കൂടി ഒരു ടേം കിട്ടണമെന്ന് സി.പി.എമ്മും അവകാശമുന്നയിച്ചിട്ടുണ്ട്. ജോസ് വിഭാഗത്തിൽ നിന്ന് പാലാ മണ്ഡലം പ്രസിഡന്റ് ആന്റോ ജോസ് പടിഞ്ഞാറേക്കര, സീനിയർ കൗൺസിലർ ഷാജു തുരുത്തൻ എന്നിവരുടെ പേരുകളെ പാർട്ടി നേതൃത്വത്തിന്റെ പരിഗണനയിലുള്ളൂ.
എന്നാൽ തോമസ് പീറ്റർ, ബൈജു കൊല്ലംപറമ്പിൽ, ബിജി ജോജോ തുടങ്ങിയവരും ചെയർമാൻ സ്ഥാനത്തിന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യ ടേമിൽ ആന്റോ ജോസ് പടിഞ്ഞാറേക്കരയെ ചെയർമാനാക്കണമെന്നാണ് ജോസ് വിഭാഗത്തിന്റെ ആഗ്രഹം. സി.പി.എമ്മിന് ഊഴം കിട്ടിയാൽ റെക്കാഡ് ഭൂരിപക്ഷത്തോടെ ജയിച്ച അഡ്വ. ബിനു പുളിക്കക്കണ്ടം ചെയർമാനാകും. സി.പി.എമ്മിന് ചെയർമാൻ സ്ഥാനം കിട്ടുമോ ഇല്ലയോ എന്നുള്ളതാണ് നഗരവാസികൾ ഉറ്റുനോക്കുന്നത്.
വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്കും ഇടി
വൈസ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് സി.പി.എം അംഗം സിജി പ്രസാദ്, എൻ.സി.പി. അംഗം ഷീബ ജിയോ, സി.പി.ഐ അംഗം സന്ധ്യ ആർ എന്നിവരുടെ പേരുകളാണ് പറഞ്ഞ് കേൾക്കുന്നത്. പ്രതിപക്ഷസ്ഥാനത്തുള്ള യു.ഡി.എഫിൽ നിന്ന് ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ആര് മത്സരിക്കണമെന്നത് ഇന്ന് വൈകിട്ട് 7 ന് ചേരുന്ന യു.ഡി.എഫ് യോഗത്തിലെ തീരുമാനമാകൂ. യു.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറായി പ്രൊഫ. സതീഷ് ചൊള്ളാനിയെ തിരഞ്ഞെടുത്തിരുന്നു.