har

കോട്ടയം: വിവിധ വകുപ്പുകളുമായി കൈകോർത്ത് കോട്ടയത്ത് മാലിന്യസംസ്കരണ രംഗത്ത് ഹരിത കേരള മിഷൻ നടപ്പാക്കിയത് ശുചിത്വ വിപ്ളവം. ജില്ലയിൽ 65045 ഗാർഹിക ജൈവ മാലിന്യ സംസ്കരണ ഉപാധികൾ, 350 സാമൂഹിക ജൈവ മാലിന്യ സംസ്കരണ ഉപാധികൾ (തുമ്പൂർമുഴി പ്ലാന്റുകൾ, റിംഗ് കമ്പോസ്റ്റുകൾ), വാർഡുകൾ കേന്ദ്രീകരിച്ച് 965 മിനി എം.സി.എഫുകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 75 പ്രധാന എം.സി.എഫു കൾ 16 ആർ.ആർ.എഫുകൾ (റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ ) എന്നിവ ഇതിനകം സ്ഥാപിച്ചിട്ടുണ്ട് . 1857 ഹരിതകർമ്മ സേനാംഗങ്ങളുടെ നേതൃത്വത്തിൽ 800 ടൺ അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് കൈമാറി. ക്ലീൻ കേരള കമ്പനിയുടെ സഹകരണത്തോടെ 30.189 ടൺ പ്ലാസ്റ്റിക്ക് പൊടിച്ച് ടാറിംഗിനുപയോഗിച്ചു.

പതിനായിരത്തോളം പേർ ദിവസേന എത്തുന്ന കോട്ടയം മെഡിക്കൽ കോളേജിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ കേന്ദ്ര ബിന്ദുവാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി. ആർ.ടി.സി യാണ് സജ്ജീകരണങ്ങൾ ഒരുക്കിയത്. ക്ലീൻ കേരള കമ്പനി പാഴ് വസ്തുക്കൾ നീക്കം ചെയ്യുന്നു. ജൈവ മാലിന്യ സംസ്ക്കരണ സംവിധാനങ്ങൾ, സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, ബയോമെഡിക്കൽ വേസ്റ്റ് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എന്നിവ മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

മാലിന്യ സംസ്കരണ മേഖലയിലെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി ശുചിത്വ സുന്ദര പൂഞ്ഞാർ എന്ന സ്വപ്നം യാഥാർത്ഥ്യമാകുകയാണ്. ഹരിത കേരളം മിഷന്റെ മൂന്ന് ഉപമിഷനുകളായ കൃഷി, ജല സംരക്ഷണം, മാലിന്യ സംസ്കരണം എന്നീ മേഖലകളിലുള്ള പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കി. അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനായി . കോട്ടയം ജില്ലയിൽ ആദ്യമായി ഹരിത കർമ്മ സേന രൂപീകരിച്ചത് പൂഞ്ഞാർ പഞ്ചായത്തിലാണ്. 13 അംഗങ്ങളെ നാല് ഗ്രൂപ്പുകളായി കുടുംബശ്രീയിൽ രജിസ്റ്റർ ചെയ്തു പഞ്ചായത്തിൽ പ്രവർത്തനം നടത്തിവരുന്നുണ്ട്. ഓരോ മാസവും കൃത്യമായി തീയതികളിൽ വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു.

ഒരുപൊതി ചോർ 25 രൂപ

ഹരിതകർമ്മസേനാംഗങ്ങളെ സ്വയംസംരംഭകരാക്കി മാറ്റുന്നതിന്റെ ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ ഹരിതം ജനകീയ ഹോട്ടലും തുടക്കം കുറിച്ചു. ശാന്ത, ലത, റ്റിന്റു , പുഷ്പമ്മ, സുഭാഷിണി എന്നീ ഹരിതകർമസേന അംഗങ്ങളാണ് ഹോട്ടൽ പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കുന്നത്. ഭക്ഷണം പാഴ്സലായി വാങ്ങുന്നവർക്ക് വാഴയിലയിലും പൊതിഞ്ഞ് നൽകും. ഒരു പൊതിച്ചോർ 25 രൂപ നിരക്കിലാണ് നൽകുന്നത്. ഹരിത കർമ സേനയുടെ ആദ്യത്തെ ഹോട്ടൽ സംരംഭത്തിനായുള്ള ഹരിതകേരളം മിഷന്റെ പുരസ്കാരവും പൂഞ്ഞാറിലെ ഹരിതം ജനകീയ ഹോട്ടലിന് ലഭിച്ചിട്ടുണ്ട്.

കൈകോർക്കുന്നത് :

 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ

 ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

 ക്ലീൻ കേരള കമ്പനി,

 ഹരിത സഹായ സ്ഥാപനങ്ങൾ

സർക്കാർ ഉത്തരവ് പ്രകാരം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹരിതചട്ട പാലനം നടപ്പാക്കി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടേയും സാമൂഹിക വനവത്ക്കരണ വിഭാഗത്തിന്റേയും സഹകരണത്തോടെ രണ്ട് ഏക്കർ സ്ഥലത്ത് ഗ്രീൻ ബെൽറ്റ് പച്ചത്തുരുത്തും ഒരുക്കി.

- കുടുംബശ്രീ കോ-ഒാർഡിനേറ്റർ