bridge

കുമരകം : ആദ്യ വാഹനം പ്രവേശിച്ചതേയുള്ളൂ, ഒരുവശം താഴ്ന്നു തുടങ്ങി. ഏഴുലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പാലത്തിന്റെ ഒരവസ്ഥയേ. ! പഞ്ചവടിപ്പാലത്തിന് സമാനമാണോ കുമ്പളന്തറ പാലമെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇവട്ടം പാടത്തിന്റെ കുമ്പളന്തറ മോട്ടോർ തറയോട് ചേർന്ന് നിർമ്മിച്ച പാലത്തിന്റെ വടക്കുവശം ആണ് താഴ്ന്നു പോയത്. അടിത്തറയുടെ ബലക്ഷയമാണ് പാലം തകർച്ചയ്ക്ക് കാരണമെന്നാണ് ആക്ഷേപം. പാലത്തിന്റെ വടക്കുവശം വരെ മാത്രമേ റോഡ് നിർമ്മിച്ചിട്ടുള്ളൂ. ബാക്കി ഭാഗങ്ങൾ നിർമ്മിക്കാൻ പുഴിയും കരിങ്കല്ലും മെറ്റലും എത്തിക്കേണ്ടത് ഈ പാലത്തിൽ കൂടി വേണം. പൂഴിയുമായി ആദ്യംഎത്തിയ ചെറിയ ടിപ്പർ പാലത്തിൽ കയറിയതോടെയാണ് താഴ്ന്നത്. ഇതോടെ അപ്രോച്ച് റോഡിന്റെ ഒരു വശത്തെ കൽക്കെട്ടും ഇടിഞ്ഞ് തോട്ടിൽ പതിച്ചു. ഇരിപ്പു നെൽകൃഷി നടത്തുന്ന 220 ഏക്കറുള്ള ഇടവട്ടം പാടത്തിന്റെ പുറംബണ്ടിന് ചുറ്റും റോഡ് നിർമ്മിക്കുകയായിരുന്നു കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ ലക്ഷ്യം. എന്നാൽ പാലം താഴ്ന്നതോടെ റോഡ് നിർമ്മാണം തുടരാൻ കഴിയാത്ത സ്ഥിതിയായി. പാടത്തിന് ചുറ്റും ഗതാഗത സൗകര്യം ഉണ്ടാകുന്നത് പ്രദേശവാസികൾക്കും കർഷകർക്കും ഏറെ പ്രയോജനകരമാണ്. പാലം പൊക്കി ബലവത്താക്കുകയോ പുതിയ പാലം നിർമ്മിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.