പാലാ : അർദ്ധരാത്രി കാറിടിച്ച് യുവാവ് മരിച്ചു. പന്തളം കുടശനാട് പൂഴിക്കാട് വിളയിൽ കിഴക്കേതിൽ കുഞ്ഞുമോന്റെ മകൻ സാബു (35) ആണ് മരിച്ചത്. പാലാ ഇടപ്പാടിയിൽ നിന്ന് ഭരണങ്ങാനം ഭാഗത്തേക്ക് പോകുന്ന ഉൾപ്രദേശ റോഡായ കോട്ടവഴിയിലാണ് അപകടം. 24 ന് രാത്രി 12 ഓടെ അയ്യാമ്പാറ സ്വദേശി ശരത്തിന്റെ (25) ആൾട്ടോ കാറാണ് അപകടത്തിൽപെട്ടത്. റോഡിൽ കിടക്കുകയായിരുന്ന ആളുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നുവെന്നാണ് കാർ ഡ്രൈവർ ശരത്തിന്റെ മൊഴി. വളവും ഇറക്കവുമായതിനാൽ റോഡിൽ കിടന്നയാളെ കാണാൻ കഴിഞ്ഞില്ലെന്നാണ് ശരത് പറഞ്ഞത്. മരിച്ചയാളെ രണ്ട് ദിവസത്തിന് ശേഷമാണ് തിരിച്ചറിഞ്ഞത്. രാത്രി 12 മണിയോടെ പള്ളിയിൽ പോകാനെത്തിയവരാണ് യുവാവ് വാഹനമിടിച്ച് കിടക്കുന്ന വിവരം പൊലീസിലറിയിച്ചത്. ഉടൻ പാലാ പൊലീസ് സ്ഥലത്തെത്തി അപകടത്തിൽപെട്ടയാളെ പാലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പൊലീസ് നടത്തിയ അന്വേഷണത്തിൽ അപകടത്തിൽപെട്ട കാർ കണ്ടെത്തുകയും ശരത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു.
വീട്ടിൽ നിന്ന് പുറപ്പെട്ടു പോന്ന സാബു വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തു വരികയായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. വിവിധ ഹോട്ടലുകളിലും പണിയെടുത്തിട്ടുണ്ട്. ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാറില്ല. സാബു അപകടസ്ഥലത്തെത്തിയതിനെ കുറിച്ചും പൊലീസ് അന്വേഷണം തുടരുകയാണ്.