
തൊടുപുഴ: സിനിമയുടെ ഭാഗ്യ ലൊക്കേഷനായി തൊടുപുഴയും സമീപ പ്രദേശങ്ങളും മാറിയതോടെ ഒരു സീനെങ്കിലും ഇവിടെ ചിത്രീകരിക്കാൻ; പ്രത്യേകിച്ച് മുട്ടം, മലങ്കര പ്രദേശങ്ങളിൽ ചിത്രീകരിക്കാൻ സിനിമാക്കാർ ആവേശത്തോടെ എത്തുകയാണ്. കൊവിഡ് നിയന്ത്രണങ്ങൾ ഭാഗികമായി പിൻവലിച്ചതോടെ ചെറുതും വലുതുമായ ഏഴോളം സിനിമകളാണ് ഇവിടെ പൂർത്തീകരിച്ചത്. വരും ദിവസങ്ങളിൽ പുതിയ നാല് ചിത്രങ്ങളുടെ ഷൂട്ടിംഗാണ് തൊടുപുഴയിൽ ആരംഭിക്കുന്നത്. മലങ്കര അണക്കെട്ട്, ടൂറിസം ഹബ്ബ് ഇതിനോട് അനുബന്ധിച്ചുള്ള സിനിമ ചിത്രീകരണ വേളയിൽ ഒരു പരിചയം ഇല്ലാത്ത സിനിമ പ്രവർത്തകരും അണക്കെട്ടിലെ കയത്തിൽ ഇറങ്ങുന്നത് പതിവാണ്. ഹബ്ബിലേയും അണക്കെട്ടിലേയും സുരക്ഷാ ജീവനക്കാർ ഇടപെട്ടാലും അവർ കയറിപ്പോകാൻ കൂട്ടാക്കാറുമില്ല. ചില സിനിമാ പ്രവർത്തകർ സുരക്ഷാ ജീവനക്കാരോട് കയർത്ത് സംസാരിക്കും. ചിത്രീകരണ സമയങ്ങളിൽ ചില സിനിമ പ്രവർത്തകർ സുരക്ഷ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മദ്യപാനത്തിനായി കൂട്ടം ചേർന്ന് അണക്കെട്ടിലെ വശങ്ങളിൽ തമ്പടിക്കാറുമുണ്ട്.
അണക്കെട്ടിനോട് ചേർന്ന് പരന്ന് കിടക്കുന്ന മലങ്കര ജലാശയം ആരുടേയും മനം കവരും. പ്രകൃതിയൊരുക്കിയ മടിത്തട്ടിൽ വശ്യമനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഈ ജലാശയത്തിന്റെ ആഴങ്ങളിൽ പതിയിരിക്കുന്ന അപകടക്കയങ്ങൾ ആദ്യനോട്ടത്തിൽ ആർക്കും തിരിച്ചറിയാനും കഴിയില്ല . ആഴം കുറവുള്ള പ്രദേശമെന്ന് പുറമെ തോന്നുമെങ്കിലും ഇറങ്ങിക്കഴിയുമ്പോൾ മാത്രമാണ് ചെളി നിറഞ്ഞ ചതുപ്പുനിലമെന്ന് ബോദ്ധ്യമാവുകയുള്ളു. മുകൾ തട്ടിൽ തണുപ്പ് കുറവാണെങ്കിലും, താഴ്ചയിൽ ശക്തമായ തണുപ്പാണ് . നീന്തൽ നന്നായി അറിയാവുന്നവർക്കും കഠിനമായ തണുപ്പിൽ കൈകൾ കുഴയും. ആയാസപ്പെട്ട് നീന്തുന്നതിനിടെ ഹൃദയതാളവും തെറ്റും . ഇത് ഹൃദയസ്തംഭനത്തിനും കാരണമാകാറുണ്ട്. ആഴക്കുറവെന്ന ധാരണയിൽ ഇറങ്ങുമ്പോൾ ചതുപ്പിൽ കാലുകൾ ഉറച്ച് പോകും. പിന്നീട് മുകൾ പരപ്പിലേക്ക് കുതിച്ചെത്താൻ സാധിക്കാതെ വരും.