
കോട്ടയം: ഒൻപത് മാസത്തോളമായി പിടിമുറുക്കിയ കൊവിഡ് ഇത്തവണത്തെ ന്യൂ ഇയർ ആഘോഷങ്ങളെയും തകർത്തു. നിയന്ത്രണങ്ങളിൽ ഇളവ് നൽകി വിനോദ സഞ്ചാര മേഖല ഉണർന്നു തുടങ്ങിയെങ്കിലും, പൂർണ സജ്‌ജമായിട്ടില്ല. പ്രത്യേക ന്യൂ ഇയർ ആഘോഷങ്ങളൊന്നും ഹോട്ടലുകൾ ക്രമീകരിച്ചിട്ടില്ല. മുൻ വർഷങ്ങളിൽ കായലിലും കരയിലുമായി വൻ ആഘോഷ പരിപാടികൾ ഉണ്ടായിരുന്നു.
മുൻ വർഷങ്ങളിൽ ഒരു ദിവസം രണ്ടായിരത്തോളം വിദേശികളടക്കമുള്ള സഞ്ചാരികൾ കുമരകത്ത് എത്തിയിരുന്നു. ന്യൂ ഇയർ ആഘോഷങ്ങൾക്ക് പ്രത്യേകിച്ചും. എന്നാൽ, ഇക്കുറി നൂറിൽ താഴെ ബുക്കിംഗുകൾ മാത്രമാണ് ന്യൂ ഇയറിനുള്ളത്. ലോക്ക് ഡൗൺ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രചാരണം ശക്തമായതിനാൽ ബുക്കിംഗ് അനുസരിച്ചു മാത്രമേ ആഘോഷ പരിപാടികൾ തീരുമാനിക്കൂവെന്നാണ് ഹോട്ടലുകളുടെ നിലപാട്. അൻപത് പേരിൽ കൂടുതൽ ഒത്തു ചേരുന്നതിനു നിയന്ത്രണം നിലനിൽക്കുന്നതിനാൽ ഡി.ജെ പാർട്ടികൾക്ക് പൊലീസും ആരോഗ്യ വകുപ്പും അനുവാദവും നൽകുന്നില്ല. കോട്ടയം നഗരത്തിലെ ഹോട്ടലുകളിലും ആഘോഷമില്ല. ബാറുകൾ തുറന്നെങ്കിലും ആളെക്കൂട്ടി പൊല്ലാപ്പിലാകേണ്ടെന്ന നിലപാടാണ് .
ഉണർന്നു തുടങ്ങി
ഒൻപത് മാസത്തോളം അടച്ചിട്ടിരുന്ന വിനോദ സഞ്ചാര മേഖല ആഴ്‌ചകൾക്കു മുൻപു മാത്രമാണ് തുറന്നു നൽകിയത്. ഇപ്പോൾ എത്തുന്നത് കൂടുതലും ആഭ്യന്തര വിനോദ സഞ്ചാരികളാണ്.ക്രിസ്‌മസ് കാലത്ത് ഹൗസ് ബോട്ടുകളിൽ യാത്ര ചെയ്യുന്നതിന് കുടുംബങ്ങൾ എത്തിയിരുന്നു. അതീവ ജാഗ്രതയോടെയാണ് ക്രിസ്‌മസ് കാലത്ത് ടൂറിസം മേഖല പ്രവർത്തിച്ചത്.