
പാലാ: ' നമസ്‌ക്കാരം വാർത്തകൾ, വായിക്കുന്നത് 'ഏഴാച്ചേരിക്കാരി' ! ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തിൽ നിന്ന് ഇപ്പോൾ മിക്ക ദിവസങ്ങളിലും രാവിലെയും വൈകിട്ടുമുള്ള വാർത്തകൾ വായിക്കുന്നത് പാലാ ഏഴാച്ചേരി സ്വദേശിനിയാണ്. പേര്: പ്രവീണ പ്രകാശ്.
ഏഴാച്ചേരി എന്ന കൊച്ചുഗ്രാമത്തിൽ ഇന്ന് ഒട്ടേറെ മാദ്ധ്യമ പ്രവർത്തകരുണ്ടെങ്കിലും ആകാശവാണിയുടെ വാർത്തകളിലേക്ക് ആദ്യം കടന്നു ചെല്ലാനുള്ള അവസരം ലഭിച്ചത് ഈ യുവ എൻജിനീയർക്കാണ്.
എസ്. എൻ.ഡി.പി. യോഗം ഏഴാച്ചേരി ശാഖാ പ്രസിഡന്റും റിട്ട. ഹെഡ്മാസ്റ്ററുമായ പെരികിനാലിൽ പി. ആർ. പ്രകാശിന്റേയും റിട്ട. അദ്ധ്യാപിക എസ്. ലൈലയുടേയും ഇളയ മകളാണ് പ്രവീണ. അടുക്കളയിലെ റേഡിയോയിൽ നിന്ന് സുപ്രഭാതം മുതൽ പ്രഭാത വാർത്തവരെ തുടരുന്ന പരിപാടികൾ മുടങ്ങാതെ കേൾക്കുമായിരുന്നു. 'പക്ഷേ അന്നൊന്നും ഇങ്ങനെ റേഡിയോയിൽ വാർത്ത വായിക്കുന്ന ഒരാളാകുമെന്ന് വിചാരിച്ചിട്ടേയില്ല. സിവിൽ എൻജിനീയറിംഗിൽ എം.ടെക്കും പാസ്സായി വീട്ടിൽ വെറുതെ ഇരിക്കുന്ന സമയത്താണ് കോഴിക്കോട് ആകാശവാണി അനൗൺസർക്കായി അപേക്ഷ ക്ഷണിച്ചതായി കേട്ടത്. അന്ന് അപേക്ഷിച്ചെങ്കിലും കിട്ടിയില്ല. പിന്നീട് സിവിൽ സർവീസ് മോഹവുമായി പഠനം തുടരാൻ തിരുവനന്തപുരത്തേക്ക് വണ്ടി കയറി. അവിടെ എത്തി ആറു മാസം കഴിഞ്ഞപ്പോൾ ആകാശവാണി തിരുവനന്തപുരം നിലയം വാർത്താ വിഭാഗത്തിലേക്ക് ആളെ എടുക്കുന്നതായി പരസ്യം കണ്ടു. ഉടൻ അപേക്ഷിച്ചു. ഒരു മാസത്തിനുള്ളിൽ കരാർ അടിസ്ഥാനത്തിൽ നിയമനമായി. ഒരു മാസത്തെ പരിശീലനത്തിനു ശേഷം നവംബർ 3ന് രാവിലെ 7.25 ന് നേരേ ''എയറി ' ലേക്ക്. ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടിംഗ് പൂർത്തിയായി എന്ന വാർത്തയാണ് പ്രവീണയുടെ ശബ്ദത്തിൽ ആകാശവാണിയിലൂടെ ആദ്യമെത്തിയത്.
വരും ദിവസങ്ങളിൽ വാർത്താ വീക്ഷണം, വാർത്താ തരംഗിണി തുടങ്ങിയ പരിപാടികൾ കൂടി അവതരിപ്പിക്കാനുള്ള അവസരവും പ്രവീണയ്ക്ക് ലഭിക്കും. ചേച്ചി പ്രിയങ്ക ഉൾപ്പെടെ കുടുംബാംഗങ്ങളെല്ലാം പൂർണ്ണ പിന്തുണയുമായുണ്ട്.
' ഞാൻ വാർത്താ വായനക്കാരിയായ വിവരം ആദ്യം വീട്ടുകാർക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. വായന മോശമാണെന്ന് ആരെങ്കിലും പറയുമോ എന്നായിരുന്നു പേടി. പിന്നീട് ശബ്ദം കേട്ടും പേരുകേട്ടും പതിയെ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമൊക്കെ അറിഞ്ഞു തുടങ്ങി"
- പ്രവീണ