കട്ടപ്പന: പള്ളിയിലെ നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്ത് പണം മോഷ്ടിച്ചു. മേരികുളം സെന്റ് ജോർജ് പള്ളിയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കവർച്ച. ഉച്ചയ്ക്ക് ഒന്നുവരെ വികാരി ഫാ. ഫിലിപ്പ് തടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. തോമസ് കാരുവള്ളിൽ എന്നിവർ പള്ളിയിൽ ഉണ്ടായിരുന്നു. ഇരുവരും ഉച്ചയൂണിനുപോയപ്പോഴാണ് മോഷണം നടന്നത്. രണ്ടോടെ ഇവർ മടങ്ങിയെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. തടിയിൽ തീർത്ത നേർച്ചപ്പെട്ടിയുടെ പൂട്ട് തകർത്ത നിലയിലായിരുന്നു. നാലുമാസത്തോളം തുറക്കാതിരുന്നതിനാൽ നേർച്ചപ്പെട്ടിയിൽ അയ്യായിരം രൂപയോളം ഉണ്ടായിരുന്നതായാണ് കണക്കാക്കുന്നത്. ഉപ്പുതറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.