
പാലാ: പ്രവാസിയായ വീട്ടമ്മയ്ക്ക് നേരെ യുവാവിന്റെ അതിക്രമം. നടപടി വൈകിപ്പിച്ച് പാലാ പൊലീസ് . സ്റ്റേഷനിൽ വീട്ടമ്മയും 10 വയസുകാരി മകളും ഇന്നലെ രണ്ടു മണിക്കൂറിലേറെ കുത്തിയിരിപ്പ് സമരം നടത്തിയ ശേഷമാണ് പൊലീസ് പരാതി സ്വീകരിച്ചു രസീത് നൽകാൻ തയാറായത്.
കഴിഞ്ഞ 25നാണ് സംഭവങ്ങളുടെ തുടക്കം. പ്രവാസിയായ വീട്ടമ്മ നാട്ടിലെത്തിയ ശേഷം കാറിൽ പ്രായമായ മാതാപിതാക്കൾക്കും 10 വയസുകാരായ പെൺമക്കൾക്കുമൊപ്പം യാത്ര ചെയ്യവേ പ്രവിത്താനം ഉള്ളനാട് കവലയിൽ ഒരു വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് നേരിയ വാക്കുതർക്കമുണ്ടായി. ഇതിനിടെ അതുവഴിയെത്തിയ ഉള്ളനാട് കോളനിവാസിയായ ബിബി പ്രശ്‌നത്തിൽ ഇടപെടുകയും വീട്ടമ്മയെ കാറിൽ നിന്ന് വലിച്ചിറക്കി നെഞ്ചിനിടിക്കുകയും അസഭ്യം പറയുകയുമായിരുന്നു എന്നാണ് പരാതി. തടയാൻ ശ്രമിച്ച പരിസരവാസികളെ ബിബി മർദ്ദിക്കുകയും കുത്തി മുറിവേൽപ്പിക്കുകയും ചെയ്തു. നേരത്തേ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്ന വീട്ടമ്മ നെഞ്ചിനിടിയേറ്റതോടെ കുഴഞ്ഞു വീണു. ഇവരെ പ്രവിത്താനത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യുവതിയെ ആക്രമിക്കുന്നത് കണ്ട് സമീപത്തെ വ്യാപാരികൾ ബഹളം കൂട്ടിയതോടെ ഇവരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബിബി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് വീട്ടമ്മ പാലാ പൊലീസിൽ പരാതി നൽകിയെങ്കിലും പരാതി സ്വീകരിച്ചതായി പൊലീസ് രസീത് നൽകിയില്ല. ചില പൊലീസ് ഉദ്യോഗസ്ഥർ ഒത്തുതീർപ്പിനാണ് ശ്രമിച്ചതെന്നും കാര്യമായ അന്വേഷണം നടന്നില്ലെന്നും വീട്ടമ്മ ആരോപിച്ചു. ഇന്നലെ വീണ്ടും സ്റ്റേഷനിലെത്തി പരാതിയുടെ വിവരങ്ങൾ ചോദിച്ചെങ്കിലും പൊലീസ് മുൻ നിലപാട് തുടർന്നു. യുവതി രസീത് ആവശ്യപ്പെട്ടെങ്കിലും പൊലീസ് നൽകിയില്ല. പരാതി നൽകിയ 25ാം തിയതിയിലെ രസീത് തന്നെ വേണമെന്ന് ആവശ്യപ്പെട്ട് യുവതിയും കുട്ടിയും സ്റ്റേഷനിൽ രണ്ടു മണിക്കൂറോളം കുത്തിയിരുന്നു. ഇതിനിടെ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ മോശമായി സംസാരിച്ചെന്നും വീട്ടമ്മ പറയുന്നു.
സമരം തുടർന്നതോടെ 26ാം തിയതിയിലെ തിയതി വച്ച് പൊലീസ് രസീത് നൽകി. വീട്ടമ്മ ഇത് കൈപ്പറ്റിയില്ല. ഒടുവിൽ 25ലെ തിയതി വച്ച് രസീത് നൽകിയതോടെയാണ് വീട്ടമ്മ പിൻവാങ്ങിയത്.
പാലാ പൊലീസിൽ നിന്നുണ്ടായ മോശമായ അനുഭവത്തെപ്പറ്റി വീട്ടമ്മ കോട്ടയം എസ്. പി ക്കും പരാതി നൽകി. തന്നെ ആക്രമിക്കാൻ പാഞ്ഞടുക്കുന്ന യുവാവിന്റെ ചിത്രവും വീട്ടമ്മ കൈമാറിയിട്ടുണ്ട്.