
പാലാ: പാലാ നഗരസഭയിൽ ചെയർമാൻ സ്ഥാനം ഇത്തവണ മൂന്നു ടേമായി വീതം വയ്ക്കും.
ആദ്യത്തേയും അവസാനത്തേയും ഈരണ്ടു വർഷം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിനും മൂന്നാം വർഷം സി.പി.എമ്മിനുമാണ് ചെയർമാൻ പദവി. ഇതനുസരിച്ച് ആദ്യത്തെ രണ്ടു വർഷം കേരളാ കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡന്റായ ആന്റോ ജോസ് പടിഞ്ഞാറേക്കര ചെയർമാനാകും.
മൂന്നാം വർഷം സി. പി. എം. പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടം ചെയർമാനാകും.
അവസാനത്തെ രണ്ടു വർഷം ചെയർമാനാകുന്നത് ആരാണ് എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. ഇന്ന് രാവിലെ 9 ന് നടക്കുന്ന ഇടതു മുന്നണി കൗൺസിലർമാരുടെ സംയുക്ത പാർലമെന്ററി പാർട്ടി യോഗത്തിൽ ചെയർമാൻ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുകയും അംഗങ്ങൾക്ക് വിപ്പ് നൽകുകയും ചെയ്യും.
ആദ്യ രണ്ടു വർഷം വൈസ് ചെയർപേഴ്സണായി സി.പി.എം. പ്രതിനിധി സിജി പ്രസാദിന്റെ പേരാണ് ഉയർന്നു വന്നിട്ടുള്ളത്. പിന്നീടുള്ള കാലയളവിലേക്ക് ജോസ് വിഭാഗത്തിലെ ബിജി ജോജോ , ലീനാ സണ്ണി തുടങ്ങിയവരും അവകാശവാദമുന്നയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തുള്ള യു.ഡി. എഫിന്റെ ചെയർമാൻ സ്ഥാനാർത്ഥി കോൺഗ്രസ് നേതാവായ പ്രൊഫ. സതീഷ് ചൊള്ളാനിയാണ്.
ഇന്ന് രാവിലെ 11നാണ് ചെയർമാൻ തിരഞ്ഞെടുപ്പ്. ഉച്ച തിരിഞ്ഞ് 2.30 ന് വൈസ് ചെയർപേഴ്സൺ തിരഞ്ഞെടുപ്പും നടക്കും.