വൈക്കം: എസ്. എൻ. ഡി. പി യോഗം പള്ളിപ്രത്തുശ്ശേരി 112 ാം നമ്പർ ശാഖാ വൈക്കം പട്ടശ്ശേരി ശ്രീഘണ്ഠാകർണ്ണ ഭഗവതി ക്ഷേത്രത്തിലെ തിരുവാതിര ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി കാർത്തികേയൻ പെരുമ്പളം കൊടിയേറ്റി. മേൽശാന്തി ചെമ്മനത്തുകര സുമേഷ് ശാന്തി സഹകാർമ്മികനായി. കൊടിയേറ്റാനുള്ള കൊടിമരം വാസവ വിലാസത്തിൽ സോമന്റെ വസതിയിൽ നിന്നും നിലംതൊടാതെ മുറിച്ചെടുത്ത് ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. കൊടിയേറ്റിന് മുന്നോടിയായി നടന്ന താലപ്പൊലി ഭക്തിനിർഭരമായി. ആൾക്കൂട്ടം ഒഴിവാക്കിയാണ് താലപ്പൊലി നടത്തിയത്. ക്ഷേത്രം പ്രസിഡന്റ് ഉണ്ണി പുത്തൻതറ, വൈസ് പ്രസിഡന്റ് ഷൈമോൻ പനന്തറ, സെക്രട്ടറി ലാലുമോൻ കുന്നത്ത്, ശശി വിരുത്തി, ഉത്തമൻ കളത്തിപറമ്പ്, പുഷ്പൻ പുതുപ്പള്ളിത്തറ, മോഹനൻ തോട്ടാഴത്ത്, സലിമോൻ പടിഞ്ഞാറെമൂല, സുലോചന രാജു, മഹിളാമണി വിലാസൻ എന്നിവർ നേതൃത്വം നൽകി. നാലാം ഉത്സവദിവസം നടക്കുന്ന പകൽപ്പൂരം, താലപ്പൊലി, വലിയകാണിക്ക എന്നിവ പ്രധാന ചടങ്ങുകളാണ്. അഞ്ചാം ഉത്സവദിവസം വൈകിട്ട് 8.40 ന് നടക്കുന്ന ആറാട്ട് എഴുന്നള്ളിപ്പോടെ ഉത്സവം സമാപിക്കും.