
ചങ്ങനാശേരി: ഒരു കൈ നഷ്ടപ്പെട്ടെങ്കിലും സ്‌കൂബി ഇനി നന്മയുടെ കരങ്ങളിൽ ജീവിക്കും. മാതൃകയായി ദമ്പതികൾ. അപകടത്തിൽ ക്ഷതമേറ്റ സ്‌കൂബി എന്ന നായയെക്കുറിച്ച് വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കളത്തിൽപ്പടി കൊല്ലംപറമ്പിൽ റെജി-ലീലാമ്മ ദമ്പതികളുടെ മകൻ രഞ്ജിത്ത്, ഭാര്യ ആതിര എന്നിവരാണ് സ്‌കൂബിയെ ഏറ്റെടുത്തത്. ഡോ.ബിജുവിന്റെ നിർദ്ദേശത്തെ തുടർന്ന് അസിസ്റ്റന്റ് ഡോ. സ്‌നെല്ല സ്‌കൂബിയെ കൈമാറി. ഡിസംബർ 1ന് കടമാൻചിറ ഭാഗത്ത് റോഡരികിൽ അപകടത്തിൽപ്പെട്ട് കൈയ്ക്ക് ക്ഷതമേറ്റ സ്‌കൂബിയെ തിരഞ്ഞെടുപ്പ് പ്രചരണവേളയിലാണ് സ്ഥാനാർത്ഥിയായിരുന്ന എസ്.രാജേന്ദ്രൻ കാണുന്നത്. ചങ്ങനാശേരി മൃഗാശുപത്രിയിൽ അറിയിക്കുകയും ഡോ.ബിജുവിന്റെ നിർദേശപ്രകാരം ഫ്രണ്ട്‌സ് ഒഫ് ആനിമൽസ് എന്ന സംഘടനയിലെ അംഗവും നായ പിടിത്തതിൽ പരിശീലനം നേടിയ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നായയെ ആശുപത്രിയിൽ എത്തിച്ചു. കൈയ്യിലെ എല്ല് പൊട്ടി ഒടിഞ്ഞു തൂങ്ങിയ നിലയിലും മുറിവ് അഴുകി പുഴുവരിച്ച നിലയിലായിരുന്നു സ്‌കൂബി. നായയുടെ ജീവന് ഭീഷണിയാകാതെ പഴയ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുവാൻ അസിസ്റ്റന്റ് വെറ്റിനറി ഡോ.സ്‌നെല്ലയുടെ നേതൃത്വത്തിൽ നായയുടെ കൈയ്ക്ക് സർജറി നടത്തുകയും കൈ മുറിച്ചു മാറ്റുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലും പരിചരണത്തിലും കഴിയുകയായിരുന്നു സ്‌കൂബി. ഡോ ബിജുവിന്റെ നേതൃത്വത്തിൽ വന്ധ്യകരണവും നടത്തി. ആശുപത്രി നിയമം അനുസരിച്ച് ചികിത്സയ്ക്കും പരിചരണത്തിനും ശേഷം നായയെ എവിടെ നിന്നാണോ കൊണ്ടുവന്നത് അവിടെയ്ക്ക് തന്നെ തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. സന്മനസുള്ള ആരെങ്കിലും സ്‌കൂബിയെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലായിരുന്നു അധികൃതരും ജീവനക്കാരും. ആദ്യമായാണ് ആശുപത്രിയിൽ നിന്നും ഇത്തരത്തിൽ നായയെ ഏറ്റെടുക്കാൻ സന്നദ്ധ അറിയിച്ച് ആളുകൾ എത്തുന്നത്. ദമ്പതികളുടെ സന്മനസിനെ ഡോ.സ്‌നെല്ല അഭിനന്ദിച്ചു.