
കോട്ടയം: തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന ഭാഗ്യം അവസാന നിമിഷവും കൂടെ നിന്നപ്പോൾ ബിൻസി സെബാസ്റ്റ്യൻ കോട്ടയം നഗരസഭയുടെ അമരത്തെത്തി. കോൺഗ്രസ് വിമതയായി 52-ാം വാർഡിൽ നിന്ന് വിജയിച്ച ബിൻസി യു.ഡി.എഫിന് പിന്തുണ നൽകിയതോടെയാണ് നറുക്കെടുപ്പിലൂടെ അദ്ധ്യക്ഷ പദവിയിലെത്തിയത്. വൈസ് ചെയർമാനായി യു.ഡി.എഫിലെ ബി.ഗോപകുമാറും തിരഞ്ഞെടുക്കപ്പെട്ടു.
നാടകീയ നിമിഷങ്ങൾക്കൊടുവിലായിരുന്നു തിരഞ്ഞെടുപ്പ്. ചെയർപേഴ്സൺ സ്ഥാനത്തേയ്ക്ക് യു.ഡി.എഫിലെ ബിൻസിയും എൽ.ഡി.എഫിലെ ഷീജാ അനിലും എൻ.ഡി.എയിലെ റീബാ വർക്കിയും മത്സരിച്ചു. കൊവിഡിനെത്തുടർന്നും ക്വാറന്റൈനിലുമായിരുന്നതിനാൽ രണ്ട് വീതം യു.ഡി.എഫ്, എൽ.ഡി.എഫ് അംഗങ്ങൾ പി.പി.ഇ കിറ്റ് ധരിച്ചു വോട്ട് ചെയ്യാനെത്തിയപ്പോൾ കൊവിഡ് പോസിറ്റീവായ ബി.ജെ.പി. അംഗം വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ചെയർപേഴ്സൺ സ്ഥാനത്തേയ്ക്ക് യു.ഡി.എഫിനും എൽ.ഡി.എഫിനും 22 വീതവും എൻ.ഡി.എയ്ക്ക് ഏഴു വോട്ടുകളും ലഭിച്ചു. തുടർന്ന് എൻ.ഡി.എയെ ഒഴിവാക്കി വീണ്ടും തിരഞ്ഞടുപ്പ് നടത്തിയപ്പോഴും വോട്ടുകൾ തുല്യനിലയായി. പിന്നീട് നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യം ബിൻസിയെ തുണച്ചത്.
അദ്ധ്യക്ഷപദം മുന്നണിക്ക് ലഭിക്കാൻ ബിൻസിയുടെ വോട്ട് നിർണായകമായതോടെ ഇരുമുന്നണികളും വാഗ്ദാനങ്ങളുമായി ബിൻസിയെ സമീപിച്ചു. ഒടുവിൽ ഉമ്മൻചാണ്ടിയും തിരുവഞ്ചൂർ രാധാകൃഷ്ണനും ബിൻസിയുമായി സംസാരിച്ച് പിന്തുണ ഉറപ്പാക്കുകയായിരുന്നു.
കൊവിഡ് വില്ലനായപ്പോൾ നറുക്കെടുപ്പ് ഒഴിവായി
വൈസ് ചെയർമാൻ സ്ഥാനത്തേയ്ക്ക് യു.ഡി.എഫിലെ ബി.ഗോപകുമാറും എൽ.ഡി.എഫിലെ ജിബി ജോണുമാണ് മത്സരിച്ചത്. ബി.ഗോപകുമാറിന് 22 വോട്ടുകൾ ലഭിച്ചപ്പോൾ ജിബിക്ക് 21 വോട്ടുകളാണ് ലഭിച്ചത്. കൊവിഡ് മൂലം ആംബുലൻസിൽ ഡോക്ടർക്കൊപ്പമെത്തിയ എൽ.ഡി.എഫ് അംഗത്തിന്റെ നില വഷളായതോടെ വോട്ടിംഗിൽ പങ്കെടുക്കാതെ ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്നു. ഗോപകുമാറിന് ഒരു വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു.