
കോട്ടയം: ജോസ് കെ. മാണിയുടെ പിന്തുണയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഇടതു മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞുവെങ്കിലും നഗരസഭാ അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ കണക്കൂ കൂട്ടലുകൾ പാളി. തന്ത്രങ്ങളുടെ ആശാനായ ഉമ്മൻചാണ്ടി നേരിട്ടു കളത്തിലിറങ്ങി വിമതന്മാരെയും സ്വതന്ത്രരെയും സ്ഥാനമാനങ്ങളും മറ്റു സാമ്പത്തിക നേട്ടങ്ങളും നൽകി യു.ഡി.എഫിന് ഒപ്പം ചേർത്തപ്പോൾ ആറിൽ അഞ്ചു നഗരസഭകളും ഇടതു മുന്നണിക്ക് നഷ്ടമായി. പാലാ ഇടതു മുന്നണി പിടിച്ചെടുത്തെങ്കിൽ ഇടതു കോട്ടയായ വൈക്കം ഇടതു മുന്നണിയിൽ നിന്ന് യു.ഡി.എഫ് തട്ടിയെടുത്തു
ഈരാറ്റുപേട്ടയൊഴിച്ച് അഞ്ചിടത്തും സ്വതന്ത്രന്മാരുടെയും കോൺഗ്രസ് വിമതരുടെയും പിന്തുണയാൽ ഭരണം പിടിച്ചെടുക്കാമെന്ന് ആദ്യ ഘട്ടത്തിൽ ഇടതു മുന്നണി കരുതിയിരുന്നു. കോട്ടയം നഗരസഭയിലെ വിമത കോൺഗ്രസ് സ്ഥാനാർത്ഥിയും ഇപ്പോൾ ചെയർപേഴ്സണുമായ ബിൻസി സെബാസ്റ്റ്യനെ ആദ്യം കണ്ട ഇടതു മുന്നണി നേതാക്കൾ അഞ്ചു വർഷം ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്തപ്പോൾ ബിൻസി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ബിൻസിയെ കണ്ടതോടെ നിലപാട് മാറി. ഒപ്പം പ്രവർത്തിച്ചവരും യു.ഡി.എഫിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതും മാറ്റത്തിനു് കാരണമായി. 22 സീറ്റുള്ള ഇടതു മുന്നണിയെ പിന്തുണച്ചാൽ ചെയർപേഴ്സൺ സ്ഥാനം ഉറപ്പായിരുന്നു . യു.ഡി.എഫിനെ പിന്തുണച്ചാൽ നറുക്കെടുപ്പിലൂടെ ഭാഗ്യപരീക്ഷണം നടത്തണമായിരുന്നു. നറുക്കെടുപ്പിൽ തോറ്റാൽ കോൺഗ്രസിന് ലഭിക്കുന്ന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സ്ഥാനം ബിൻസിക്ക് വാഗ്ദാനം ചെയ്തതോടെ ഭാഗ്യ പരീക്ഷണത്തിനും അവർ തയ്യാറായി.
ഓസി കളത്തിലിറങ്ങി, ഇടതുതന്ത്രം പാളി
കോട്ടയത്തിന് പുറമേ ഏറ്റുമാനൂർ, ചങ്ങനാശേരി, വൈക്കം. ഈരാറ്റുപേട്ട , നഗരസഭകളിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതെ എങ്ങോട്ടും ചായാവുന്ന സ്ഥിതിയായിരുന്നു. വിമതരായി മത്സരിച്ചവരെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉമ്മൻചാണ്ടി മൊത്തം കോംപ്ലിമെന്റാക്കി. പുറത്താക്കിയവരെയെല്ലാം തിരിച്ചെടുക്കാമെന്ന് ഉറപ്പു നൽകി. കോട്ടയത്തെ വിമതയായ ബിൻസിയുടെ ഭർത്താവ് സെബാസ്റ്റ്യനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കിയിരുന്നു. എന്നാൽ പുറത്താക്കൽ പിൻവലിക്കാമെന്ന ഉറപ്പു നൽകിയാണ് ബിൻസിയുടെ പിന്തുണ നേടിയെടുത്തത് .