കട്ടപ്പന: യു.ഡി.എഫ്. അവിസ്മരണീയ വിജയം നേടിയ കട്ടപ്പന നഗരസഭയുടെ അദ്ധ്യക്ഷയായി കോൺഗ്രസിലെ ബീന ജോബി തെരഞ്ഞെടുക്കപ്പെട്ടു. മുൻ അദ്ധ്യക്ഷനായ ജോയി വെട്ടിക്കുഴിയാണ് പുതിയ ഉപാദ്ധ്യക്ഷൻ. നഗരസഭ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഒൻപതിനെതിരെ 23 വോട്ടുകൾ നേടിയാണ് ഇരുവരും തെരഞ്ഞെടുക്കപ്പെട്ടത്. സ്വതന്ത്ര അംഗത്തിന്റെ വോട്ടും യു.ഡി.എഫ്. സ്ഥാനാർത്ഥികൾക്കാണ് ലഭിച്ചത്. ബീന ജോബിക്കെതിരെ മത്സരിച്ച എൽ.ഡി.എഫ് അംഗം സുധർമ മോഹനനും ജോയി വെട്ടിക്കുഴിക്കെതിരെ മത്സരിച്ച ഷാജി കൂത്തോടിക്കും ഒൻപത് വോട്ടുകൾ വീതം ലഭിച്ചു. രണ്ട് ബി.ജെ.പി. അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിന്നു. മൂന്നാർ ഭൂമിപതിവ് ഡെപ്യൂട്ടി കളക്ടർ അലക്‌സ് മാത്യു ആയിരുന്നു വരണാധികാരി. ഇദ്ദേഹം ബീന ജോബിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഉച്ചകഴിഞ്ഞ് നടന്ന ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പിനു ശേഷം ബീന ജോബി, ജോയി വെട്ടിക്കുഴിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് നടന്ന യോഗത്തിൽ ജോണി കുളംപള്ളി, ജോയി വെട്ടിക്കുഴി, സുധർമ മോഹനൻ, ബെന്നി കുര്യൻ, തങ്കച്ചൻ പുരയിടത്തിൽ എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പിനു ശേഷം എ.ഐ.സി.സി. അംഗം ഇ.എം. ആഗസ്തി ഉൾപ്പെടെയുള്ള നേതാക്കൾ പുതിയ അദ്ധ്യക്ഷയെ അഭിനന്ദിച്ചു. 19 സീറ്റ് നേടിയ കോൺഗ്രസിനു കേവലഭൂരിപക്ഷമുള്ള നഗരസഭയിൽ യു.ഡി.എഫ്22, എൽ.ഡി.എഫ്9, ബി.ജെ.പി2, സ്വതന്ത്ര1 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്ര അംഗത്തിന്റെ പിന്തുണ കൂടി ലഭിച്ചതോടെ യു.ഡി.എഫിന്റെ അംഗബലം 23 ആയി ഉയർന്നു.


ഐ ഗ്രൂപ്പിന് രണ്ട് തവണയായി
മൂന്നുവർഷം അദ്ധ്യക്ഷ സ്ഥാനം: എ ഗ്രൂപ്പിന് രണ്ടു വർഷം


ഇന്നലെ രാവിലെ നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ കോൺഗ്രസിൽ ഐ ഗ്രൂപ്പിന് മൂന്നുവർഷവും എ ഗ്രൂപ്പിന് രണ്ടുവർഷവും അദ്ധ്യക്ഷ പദവി നൽകാൻ ധാരണയായി. ഐ ഗ്രൂപ്പിൽ നിന്നുള്ള ബീന ജോബി, ഷൈനി സണ്ണി എന്നിവർക്കാണ് ഒന്നര വർഷം വീതം ലഭിക്കുന്നത്. തുടർന്ന് ആദ്യത്തെ ഒന്നര വർഷം ബീന ജോബിക്ക് നൽകാൻ ധാരണയാകുകയായിരുന്നു. തുടർന്നുള്ള കാലയളവിൽ ഷൈനി സണ്ണിക്കും അവസാനത്തെ രണ്ടുവർഷം എ ഗ്രൂപ്പിലെ ബീന ടോമിക്കും അദ്ധ്യക്ഷ പദവി ലഭിക്കും. ധാരണയനുസരിച്ച് ജോയി വെട്ടിക്കുഴിക്ക് മൂന്നുവർഷം ഉപാദ്ധ്യക്ഷൻ സ്ഥാനത്ത് തുടരാം. അവസാനത്തെ രണ്ടുവർഷം എ ഗ്രൂപ്പിലെ ജോണി കുളംപള്ളിക്ക് ലഭിക്കും. അതേസമയം ഒരുവർഷം അദ്ധ്യക്ഷ സ്ഥാനം വേണമെന്നുള്ള കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ ആവശ്യം പരിഗണിച്ചില്ല.