
അടിമാലി: നടുവൊടിഞ്ഞുള്ള യാത്രമടുത്തതോടെ റോഡിലെ കുഴികളടക്കാൻ മുന്നിട്ടിറങ്ങി പുരുഷസ്വയം സഹായ സംഘാംഗങ്ങളും പ്രദേശവാസികളും.പീച്ചാട് പ്ലാമല സിറ്റി റോഡിന്റെ ഒരു ഭാഗമാണ് ഇവർ ശ്രമദാനമായി ഗതാഗതയോഗ്യമാക്കിയത്.പ്ലാമല സിറ്റി മുതൽ പീച്ചാട് വരെയുള്ള റോഡ് നാളുകളായി തകർന്നു കിടക്കുകയായിരുന്നു. നിരന്തരമായുള്ള ആവശ്യങ്ങൾക്കൊടുവിൽ ദിവസങ്ങൾക്ക് മുമ്പ് പകുതിയോളം ഭാഗം ടാറിംഗ് നടത്തി യാത്രായോഗ്യമാക്കി.ശേഷിക്കുന്ന ഭാഗത്തെ കുഴികളടക്കാനായിരുന്നു വിബ് ജിയോർ പുരുഷസ്വയം സഹായസംഘാംഗങ്ങളും ഒരുപറ്റം പ്രദേശവാസികളും ചേർന്ന് ശ്രമദാനം നടത്തിയത്.നടുവൊടിച്ചിരുന്ന റോഡിലെ കുഴികളിവർ കല്ലും മണ്ണുമിട്ട് നികത്തി.ശേഷിക്കുന്ന ഭാഗത്തെ ടാറിംഗ് ജോലികൾ കൂടി പൂർത്തീകരിക്കാൻ നടപടിവേണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.കേവലം രണ്ട് കിലോമീറ്ററിനടുത്ത ദൂരം മാത്രമെ പ്ലാമല സിറ്റി പീച്ചാട് റോഡിനൊള്ളു.നാളുകൾക്ക് മുമ്പ് റോഡിന്റെ അറ്റകുറ്റപ്പണികളുടെ ഉദ്ഘാടനം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നിർവ്വഹിച്ചതാണ്.ഇപ്പോൾ നടത്തിയ ടാറിംഗ് ജോലികൾക്കൊപ്പം മാസങ്ങൾക്ക് മുമ്പ് പ്രദേശത്തൊരു കലുങ്ക് നിർമ്മാണവും പൂർത്തീകരിച്ചിരുന്നു.വിരിപാറ,മാങ്കുളം,പീച്ചാട് മേഖലകളിലെ ആളുകൾക്ക് അടിമാലിയിൽ എളുപ്പത്തിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗ്ഗമെന്ന നിലയിൽ ശേഷിക്കുന്ന ഭാഗത്തെ ടാറിംഗ് ജോലികൾ കൂടി പൂർത്തീകരിക്കണമെന്നാണ് ആവശ്യം.പുരുഷ സ്വയം സഹായ സംഘം പ്രസിഡന്റ് പി ആർ ശശി,സെക്രട്ടറി ശ്യാംകുമാർ തുടങ്ങിയവർ ശ്രമദാനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.