
കുമരകം: കുമരകത്തിന്റെ ടൂറിസത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത മുൻ പ്രധാനമന്ത്രി എ..ബി.വാജ്പേയിയുടെ സന്ദർശനത്തിന് 20 വയസ്. തന്റെ ജന്മദിനത്തിന് പിറ്റേന്ന് 2000 ഡിസംബർ 26 ന് കുമരകത്ത് എത്തിയ വാജ്പേയി പുതുവത്സരവും ആഘോഷിച്ചാണ് മടങ്ങിയത്. ഈ ഏഴു നാളുകൾ കുമരകം എന്ന കൊച്ചുഗ്രാമം ഇന്ത്യയുടെ തലസ്ഥാന നഗരിയായി മാറുകയായിരുന്നു. കനത്ത സുരക്ഷയിൽ താജ് ഹോട്ടലിലായിരുന്നു അദ്ദേഹത്തിന് താമസം ഒരുക്കിയത്. ഇന്ത്യൻ പ്രധാനമന്ത്രി അവധിക്കാലം ചെലവിട്ട പ്രദേശം എന്ന നിലയിൽ ലഭിച്ച ആഗോള പ്രശസ്തി പിന്നീട് കുമരകം എന്ന ഗ്രാമത്തിന്റെ ടൂറിസം വികസനത്തിന് ഏറെ പ്രയോജനകരമായി. കാൽമുട്ടിന് നടത്തിയ ശസ്ത്രക്രിയയെ തുടർന്ന് വിശ്രമവും ആയുർവേദ ചികിൽസയുമായിരുന്നു വിശ്രമകാല ലക്ഷ്യം. കുമരകം നിവാസികൾക്ക് കേട്ടറിവ് പോലുമില്ലാത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരുക്കിയത്. റോഡിലെ കൈയേറ്റങ്ങൾ എല്ലാം ഒഴുപ്പിച്ചു. കായലിൽ മത്സ്യബന്ധനം നിരോധിച്ചു. താജ് ഹോട്ടലിന് ചുറ്റും കരസേന കാവൽ നിന്നു. കായൽ സുരക്ഷ നാവികസേനയേറ്റെടുത്തു. വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ കുമരകത്ത് വട്ടമിട്ട് പറന്നു.
പ്രയോജനപ്പെടാഞ്ഞ കുമരകം പാക്കേജ്
കുമരകം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് പ്രധാനമന്ത്രിയെ സന്ദർശിക്കാൻ അവസരം ലഭിച്ചിരുന്നു. ഇവരുമായി നടത്തിയ ചർച്ച പരിഭാഷപ്പെടുത്തിയത് ബി.ജെ. പി. നേതാവ് ഒ. രാജ ഗോപാലാണ്. ജനുവരി ഒന്നിന് ഡൽഹിക്ക് മടങ്ങുന്നതിന് മുൻപായി പ്രാദേശിക വികസനത്തിനായി 402 കോടി രൂപയുടെ കുമരകം പാക്കേജും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ ഈ പാക്കേജ് വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ ഇവിടുത്തെ ഭരണ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട തർക്കം കേരളത്തിന്റെ പ്രധാന മുന്നണികൾ തമ്മിൽ ഇന്നും തുടരുകയാണ്.
'ഞങ്ങൾ 13 അംഗ സംഘമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ആദ്യം അനുമതി ലഭിച്ചില്ല. വാർത്ത മാദ്ധ്യമങ്ങളിലൂടെ ഈ വിഷയം ശ്രദ്ധയിൽപ്പെട്ട വാജ്പേയി പ്രത്യേകം ക്ഷണിക്കുകയായിരുന്നു. പതിനഞ്ച് മിനിറ്റോളം അദ്ദേഹവുമായി ആശയവിനിമയം നടത്തുകയും പഞ്ചായത്തിന്റെ വകയായുള്ള ഉപഹാരം നൽകുകയും ചെയ്തു'.
ഉഷാകുമാരി, മുൻ പഞ്ചായത്ത്
പ്രസിഡന്റ്, കുമരകം.
'റൂമിൽ നിന്ന് പ്രധാന ലോബിയിലേക്ക് 500 മീറ്ററോളം ദൂരമുള്ളതിനാൽ വാജ്പേയിക്കു സഞ്ചരിക്കുന്നതിനായി ബഗ്ഗി (ഗോൾഫ് കാർ ) തയ്യാറാക്കിയിരുന്നു. ഇതിന്റെ ഡ്രൈവിംഗ് ചുമതല എനിക്കായിരുന്നു. വാഹനത്തിൽ കയറുമ്പോൾ പലപ്പോഴും കുശലാന്വേഷണം നടത്തും. എല്ലാ യാത്രയിലും മരുമകൻ രഞ്ജിത് ഭട്ടാചാര്യയും കൂടെയുണ്ടായിരുന്നു.'
രാജു ചാക്കോ, താജ് ഹോട്ടൽ മുൻ ഡ്രൈവർ.