
സംസ്‌കാരച്ചടങ്ങിനിടെ കൊവിഡ് പരശോധന ഫലം പോസിറ്റീവായി
കട്ടപ്പന: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു. കൊച്ചുതോവാള നിരപ്പേൽക്കട ചെറ്റയിൽ ബനോയിയുടെ മകൾ ജോബിനയാണ് മരിച്ചത്. സംസ്‌കാരച്ചടങ്ങിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെ കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചത് ആശങ്കയ്ക്കിടയാക്കി. പനിയെ തുടർന്ന് ജോബിനയെ ആദ്യം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി വഷളായതോടെ കഴിഞ്ഞ 12ന് കോട്ടയം മെഡിക്കൽ കോളജലേക്ക് മാറ്റി. ഞായറാഴ്ച കൊവിഡ് പരശോധനയ്ക്കായി സ്രവം എടുത്തിരുന്നു. ഇന്നലെ പുലർച്ചെയാണ് കുട്ടി മരിച്ചത്. രാവിലെ മൃതദേഹം വീട്ടിൽ എത്തിച്ച് ഏതാനും സമയം കഴിഞ്ഞപ്പോഴാണ് പരശോധനാ ഫലം പോസിറ്റീവ് ആണെന്ന് ആരോഗ്യ വകുപ്പിൽ നിന്ന് അറിയിപ്പ് ലഭിച്ചത്. തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. തുടർന്ന് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉച്ചകഴിഞ്ഞ് മൃതദേഹം സംസ്‌കരിച്ചു. ജോമോളാണ് മാതാവ്. സഹോദരി: ജോബിറ്റ.