biju

കുമളി: തേക്കടിയിൽ പേപ്പട്ടിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. തേക്കടി സ്വദേശി കല്ലേയ്പറമ്പിൽ ബിജു(46) വിന് നേരെയാണ് ഇന്നലെ രാവിലെ ഏഴോടെ ആക്രമണമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ബിജു കുമളി ചെക്ക്‌പോസ്റ്റിലേക്ക് വരുമ്പോൾ നായ കുരച്ചുകൊണ്ട് ഓടിയെത്തി. ഓടിമാറാൻ ശ്രമിക്കുന്നതിനു മുമ്പ് ദേഹത്തേയ്ക്ക് ചാടിക്കയറി നെഞ്ചിൽ മാന്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ ഓടി മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഓടിയെത്തിയ നാട്ടുകാർ നായയെ തട്ടിമാറ്റി തല്ലിക്കൊന്നു. പിന്നീട് നായയുടെ ജഡം കുമളി മൃഗാശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് പേവിഷബാധ ഉണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ ബിജുവിനെ പ്രാഥമിക ചികിത്സയ്ക്കുശേഷം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. തേക്കടിയിലെ തെരുവുനായകൾക്ക് പേപ്പട്ടിയുടെ കടിയേറ്റതായി സംശയം ഉള്ളതിനാൽ നാട്ടുകാർ ആശങ്കയിലാണ്. കുമളിയിലും പരിസര പ്രദേശങ്ങളിലും ആർക്കെങ്കിലും പട്ടിയുടെ കടിയേറ്റിട്ടുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.