
കോട്ടയം: പ്രകൃതി സൗന്ദര്യമാസ്വദിച്ച് വിനോദസഞ്ചാരികൾക്ക് ഇനി മുളചങ്ങാടത്തിൽ ഉല്ലാസയാത്ര നടത്താം. വനംവകുപ്പിന് കീഴിലെ സഹ്യസാനു എക്കോ ഡെവലപ്പ്മെന്റ് സൊസൈറ്റിയാണ് സഞ്ചാരികൾക്കായി ഇടുക്കി ഡാമിൽ വേറിട്ട യാത്രാനുഭവം പകരുന്ന നൂതനപദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. മുള കൊണ്ട് നിർമ്മിച്ച രണ്ട് ചങ്ങാടങ്ങളുടെ നിർമ്മാണമാണ് ഇതിനായി പൂർത്തിയാക്കിയിരിക്കുന്നത്. ചങ്ങാടത്തിലൂടെയുള്ള ട്രയൽ റൺ കഴിഞ്ഞദിവസം വിജയകരമായി പൂർത്തിയാക്കി.
ഇടുക്കി പദ്ധതിയുടെ വഴികാട്ടിയ കൊലുമ്പന്റെ സ്മരണ നിലനിർത്താൻ കൊലുമ്പൻ കോളനിയിൽ നിന്നുള്ള ആദിവാസി യുവാക്കളെയാണ് ചങ്ങാട യാത്ര നിയന്ത്രിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ചങ്ങാടയാത്രയുടെ സാരഥ്യം വഹിക്കുന്നതിനായി ആദിവാസി യുവാക്കൾക്ക് ചങ്ങാട തുഴച്ചിലിന് പ്രത്യേക പരിശീലനവും വനംവകുപ്പ് ഇതിനോടകം നൽകി കഴിഞ്ഞു. മറ്റ് ജലാശയങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായ അനുഭവമാണ് ഇടുക്കി ജലാശയത്തിലേത്.
ചങ്ങാടത്തിൽ സഞ്ചാരികൾക്ക് സുരക്ഷിതമായി ഇരിക്കാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഡാം സന്ദർശിക്കാൻ വിനോദസഞ്ചാരികൾക്ക് അനുമതി നൽകിയതോടെ ടൂറിസ്റ്റുകളുടെ ഒഴുക്കാണ് ഇവിടേക്ക്. കാലവർഷം കനിഞ്ഞതോടെ ഇടുക്കി അണക്കെട്ട് ജലസമൃദ്ധിയിലാണ്. കൊവിഡ് നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന നീല ജലാശയം കാണാനും ഡാമിലൂടെ സഞ്ചരിക്കുന്നതിനും ജില്ലക്ക് അകത്തും പുറത്തുംനിന്നുമായി നിരവധിപേരാണ് എത്തുന്നത്.
കെ.എസ്.ഇ.ബി മുമ്പ് അണക്കെട്ടിൽ സ്പീഡ് ബോട്ട് സൗകര്യം ഒരുക്കിയിരുന്നെങ്കിലും ഏറെ വൈകാതെ നിർത്തിവച്ചിരുന്നു. അണക്കെട്ടിലെ ബോട്ട് സവാരിക്ക് വെള്ളാപ്പാറ ബോട്ട് ലാൻഡിംഗിൽ വനംവകുപ്പ് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഇടുക്കി-ചെറുതോണി അണക്കെട്ടുകളോട് ചേർന്ന ഹിൽവ്യൂ പാർക്കിൽ എല്ലാ ദിവസവും പ്രവേശനം അനുവദിച്ചിട്ടുണ്ട്. ദിവസവും നൂറുകണക്കിന് ആളുകളാണ് ഹിൽവ്യൂ പാർക്കിലെത്തുന്നത്.