
കോട്ടയം: സ്കൂളുകളെല്ലാം സജ്ജമായി. ഇനി ഫസ്റ്റ് ബെൽ മുഴങ്ങിയാൽ മതി. കൊവിഡ് മുടക്കിയ അദ്ധ്യയനം ആരംഭിക്കാൻ ദിവസങ്ങൾ അടുത്തപ്പോൾ വൃത്തിയാക്കൽ മഹാമഹമായിരുന്നു ഇന്നലെ ജില്ലയിലെ സ്കൂളുകളിൽ. പത്ത് മാസത്തോളമായി അടഞ്ഞുകിടന്ന ക്ലാസ് മുറികളും പുല്ലു പിടിച്ച മുറ്റങ്ങളും വൃത്തിയാക്കി . ശൗചാലയങ്ങളും ശരിയാക്കിയിട്ടുണ്ട്. അതേസമയം ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തൽക്കാലം വേണ്ടെന്നാണ് തീരുമാനം.
ആദ്യ ഘട്ടത്തിൽ പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ ക്ലാസിലിരുത്താവൂയെന്നാണ് സർക്കാർ നിർദേശം. ഇതിനായി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ക്ലാസിൽ എത്തിച്ചേരാൻ സാധിക്കാത്തവർക്ക് പഴയപോലെ ഓൺലൈൻ ക്ളാസിനുള്ള അവസരവുമൊരുക്കും. ഒരു ബെഞ്ചിൽ ഒരാൾ എന്ന നിലയിലാണ് ആദ്യ ആഴ്ചത്തെ ക്ളാസ്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ രണ്ട് ഘട്ടമായാണ് ക്ലാസെടുക്കുക. ആദ്യ ഘട്ടം രാവിലെ 10-1, രണ്ടാംഘട്ടം ഉച്ചയ്ക്ക് 2-5 ഇങ്ങനെയാണ്. സ്കൂളുകളിൽ ഹാജരാക്കാൻ രക്ഷിതാക്കളുടെ സമ്മത പത്രവും വേണം.
സ്കൂളുകളിൽ പ്രിൻസിപ്പൽ ചെയർമാനായും വാർഡ് അംഗം, അരോഗ്യ വകുപ്പ് പ്രതിനിധി, പി.ടി.എ പ്രസിഡന്റ്, ഓഫീസ് സൂപ്രണ്ട് തുടങ്ങിയവർ അംഗങ്ങളുമായ കൊവിഡ് സെല്ലിനാണ് പരിപൂർണ ചുമതല. കുട്ടികൾക്ക് എന്തെങ്കിലും അസ്വാഭാവികത ശ്രദ്ധയിൽപ്പെട്ടാൽ തുടർ നടപടികൾ സെല്ലുവഴിയാണ് നടത്തുക.
മറ്റ് നടപടികൾ
എല്ലാ സ്കൂളുകളിലും കൊവിഡ് സെൽ
സാമൂഹ്യ അകലം മസ്റ്റ്, പങ്കുവയ്ക്കൽ വേണ്ട
മാസ്കില്ലാതെ ക്ളാസിൽ വരേണ്ട,
സ്കൂളിലെ സാനിറ്റൈസർ ഉപയോഗിക്കാം
'' സ്കൂളുകളിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിൽ സന്ദർശനം ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ട് തയ്യാറാക്കി ഡയറക്ടറേറ്റിൽ നൽകും''
കെ.ജെ.പ്രസാദ്, കോ-ഓർഡിനേറ്റർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം