വൈക്കം : ശ്രീമഹാദേവ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെ വൈക്കം അയ്യർകുളങ്ങരയിൽ പ്രവർത്തിച്ചു വരുന്ന ശ്രീമഹാദേവ കോളേജിന്റെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ഉദ്യോഗാർത്ഥികൾക്ക് നൽകുന്ന വിവിധ ട്രെയിനിംഗ് പ്രോഗ്രാമുകളുടെ ഉദ്ഘാടനം 5 ന് രാവിലെ 9.30 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പ്രതിരോധ സേനകൾ, കേന്ദ്ര പൊലീസ് സേനകൾ, കേരള പൊലീസ്, അനുബന്ധ സേനകൾ തുടങ്ങിയവയിലേക്ക് നടത്തപ്പെടുന്ന റിക്രൂട്ട്‌മെന്റുകളിൽ വേണ്ട ശാരീരിക ക്ഷമതക്കായും മത്സര എഴുത്തുപരീക്ഷകൾക്കായും ഉദ്യോഗാർത്ഥികളെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെ ആറുമാസം നീണ്ടു നില്ക്കുന്ന പരിശീലന പരിപാടികൾക്കാണ് തുടക്കം കുറിക്കുന്നത്. കേരള സർക്കാരിന്റെ കീഴിലുള്ള സീആപ്റ്റ് കാമ്പസ് സെന്ററിന്റെ വിവിധ ഡിപ്ലോമ കോഴ്‌സുകളും തുടങ്ങും.
തിരഞ്ഞെടുക്കപ്പെട്ട 'ബിരുദ - എൻജിനിയറിംഗ്, ബിരുദാനന്തര ബിരുദമുള്ള യുവതീയുവാക്കൾക്കായി എൻ.ഡി.എ എൻട്രൻസ് കോച്ചിംഗ് ഫെബ്രുവരി അവസാന വാരം ആരംഭിക്കാനും പദ്ധതിയുണ്ട്. ഇതിനായി ശാരീരിക ക്ഷമത വളർത്താനാവശ്യമായ സൗകര്യങ്ങളും പ്രഗത്ഭരായ ഫിസിക്കൽ ട്രെയിനിംഗ് ഇൻസ്ട്രക്ടേഴ്‌സും മറ്റ് അദ്ധ്യാപകരേയും സജ്ജമാക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ എം.എൽ.എമാരായ സി.കെ. ആശ, അഡ്വ.മോൻസ് ജോസഫ്. വൈക്കം ഡിവൈ.എസ്.പി തുടങ്ങിയവർ പങ്കെടുക്കും. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട വൈക്കം മുനിസിപ്പൽ ചെയർപേഴ്‌സൺ, കൗൺസിലർമാർ എന്നിവരെയും നാഷണൽ ഫുട്ബാൾ വിന്നേഴ്‌സിനേയും ആദരിക്കും. ശ്രീമഹാദേവ എഡ്യൂേക്കഷണൽ & ചാരിറ്റബിൾ സൊസൈറ്റിയും ഓം ഫൗണ്ടേഷനും സംയുക്തമായാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.
'മാർഗ്ഗദർശി' പ്രോഗ്രാം
പ്ലസ് ടു തലത്തിൽ വൈക്കം താലൂക്കിലെ സ്കൂളുകളിൽ കരിയർ കൗൺസിലിംഗിലൂടെ കുട്ടികൾക്ക് കൃത്യമായ മാർഗ്ഗ നിർദ്ദേശം നൽകി ശരിയായ കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്ന 'മാർഗ്ഗദർശി' എന്ന പ്രോഗ്രാമിനും കോളേജ് തുടക്കം കുറിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങൾ, പി.ടി.എ, അദ്ധ്യാപകർ എന്നിവരെ പങ്കെടുപ്പിച്ചുള്ള ഒരു വർഷക്കാലം നീളുന്ന പരിപാടിയാണിത്. പഠനത്തോടൊപ്പം തൊഴിൽ എന്ന സന്ദേശം ഉയർത്തി എം.ജി യൂണിവേഴ്സിറ്റിയുടെ എം.ഒ.ഒ.സി പദ്ധതിയും ഇന്നൊവേഷൻ ആൻഡ് ഇൻക്വുബേഷൻ വകുപ്പുമായി സഹകരിച്ച് സംരംഭകത്വ യൂണിറ്റ് കോളേജിൽ ആരംഭിക്കും.
'കായികം' പദ്ധതി
പ്രാദേശിക തലത്തിലുള്ള കായിക താത്പര്യമുള്ള കുട്ടികളെ സൗജന്യമായി പരിശീലിപ്പിച്ച് മികച്ച കായിക പ്രതിഭകളാക്കുന്നതിനുള്ള 'കായികം' പദ്ധതിയ്ക്കും തുടക്കം കുറിക്കും. തദ്ദേശജന പ്രതിനിധികൾ, ക്ലബുകൾ , സാമൂഹിക പ്രസ്ഥാനങ്ങൾ എന്നിവ വഴിയാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
സമയബന്ധിതമായി നടപ്പിലാക്കും
ഗ്രാമീണ ജനതയ്ക്ക് ഡിജിറ്റർ ലിറ്ററസി നൽകുന്നതിനുള്ള സൗജന്യ പരിശീലനത്തിനും കോളേജിൽ ആരംഭമായി. ഡിജിറ്റൽ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് വിവിധ ബാങ്കുകളുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിക്കുക. നിലവിൽ നടന്നു വരുന്ന ലഹരി വിമുക്ത വൈക്കം ,സ്ത്രീ സുരക്ഷാ പദ്ധതി , ജൈവം പ്രോഗ്രാം തുടങ്ങിയവ തുടരും. നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിടുന്ന ഇവയെല്ലാം സമയബന്ധിതമായി നടപ്പിലാക്കുവാനാണുദ്ദേശിക്കുന്നതെന്ന് ശ്രീമഹാദേവ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് പി.ജി.എം നായർ, പ്രിൻസിപ്പൽ പ്രൊഫ.സെറ്റിന പി പൊന്നപ്പൻ, ട്രെയിനിംഗ് വിഭാഗം മേധാവി & അഡി. ഡയറക്ടർ വി.ആർ.സി നായർ, മാനേജർ ബി. മായ എന്നിവർ അറിയിച്ചു.