mani-c-kappan-and-pj-jose

കോട്ടയം: പാലാ സീറ്റ് കിട്ടിയേ തീരൂ എന്ന കടുത്ത നിലപാടുമായി ഇടതു മുന്നണിയിൽ ഇടഞ്ഞു നിൽക്കുന്ന മാണി സി കാപ്പന് കേരളകോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ അക്കൗണ്ടിൽ പാലാ സീറ്റ് നൽകാൻ യു.ഡി.എഫിൽ ആലോചന മുറുകി.

എൻ.സി.പി മുൻ ജനറൽ സെക്രട്ടറിയും ഇപ്പോൾ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ താരിഖ് അൻവറുമായി വിഷയം കാപ്പനെ പിന്തുണക്കുന്ന എൻ.സി.പി വിഭാഗം നേതാക്കൾ ചർച്ച ചെയ്തതായറിയുന്നു.എൻ.സി.പി ദേശീയ പ്രസിഡന്റ് ശരത് പവാറിന്റെ പിന്തുണയോടെയാണ് ഈ നീക്കമെന്നാണ് സൂചന.

കാപ്പൻ പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പി.ജെ.ജോസഫ് ഇന്നലെ പരസ്യ പ്രഖ്യാപനം നടത്തിയതോടെ എൻ.സി.പിയിലെ കാപ്പൻ വിഭാഗം ഇടതു മുന്നണി വിടുമെന്ന പ്രചാരണവും ശക്തമായി. ജോസ് വന്നതു കൊണ്ട് ഇടതു മുന്നണിക്ക് നേട്ടമുണ്ടായിട്ടില്ലെന്ന വിമർശനവുമായി കാപ്പൻ രംഗത്തെത്തിയിരുന്നു. പാലാ ഹൃദയ വികാരമാണെന്ന് ജോസ് പ്രതികരിച്ചതോടെ കാപ്പൻ - ജോസ് പോര് മുറുകി. ഇതിനിടയിലാണ് കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയാവുമെന്ന ജോസഫിന്റെ പ്രഖ്യാപനം.

# പ്രതികരിക്കാനില്ല :കാപ്പൻ

ജോസഫിന്റെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ഇപ്പോൾ മേഘാലയയിലുള്ള മാണി സി കാപ്പൻ അറിയിച്ചത് . ഇങ്ങനെയൊരു ചർച്ച നടക്കുന്നതായി അറിയില്ലെന്നും കാപ്പൻ വ്യക്തമാക്കി.

# പാലായിൽ കാപ്പൻ

മത്സരിക്കും :ജോസഫ്

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മാണി സി കാപ്പൻ ജനവിധി തേടുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. എൻ.സി.പി സ്ഥാനാർത്ഥിയായിട്ടായിരിക്കും കാപ്പൻ മത്സരിക്കുക. കേരളാ കോൺഗ്രസിന്റെ സീറ്റായ പാല കാപ്പന് ഉപാധികളില്ലാതെ വിട്ടുകൊടുക്കുമെന്നും ജോസഫ് വ്യക്തമാക്കി.

എന്നാൽ, കോൺഗ്രസ് ആവശ്യപ്പെട്ടാൽ പാലാ സീറ്റിൽ മത്സരിക്കുമെന്ന് കെ.എം മാണിയുടെ മരുമകനും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി ജോസഫ് പറഞ്ഞിരുന്നു.