
കോട്ടയം: യു.ഡി.എഫിൽ നിന്ന് പുകച്ചു പുറത്തു ചാടിച്ച കേരള കോൺഗ്രസ് ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തിയതും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് കൂടുതൽ സീറ്റുകൾ നേടിക്കൊടുത്തതുമാണ് 2020ലെ രാഷ്ട്രീയ കോട്ടയത്തിന് പ്രധാനമായി പറയാനുള്ളത്.
പാലാ ഉപതിരഞ്ഞെടുപ്പിൽ ജോസഫിന്റെ കൈവശമിരുന്ന രണ്ടില ചിഹ്നം തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയോടെ ജോസിന്റെ കൈകളിലെത്തി. ജോസഫിന് പുതിയ ചിഹ്നമായ ചെണ്ട കൊട്ടേണ്ട സ്ഥിതിയുമായി. കേരള കോൺഗ്രസ് എന്ന പേര് ഉപയോഗിക്കാനും ജോസഫിന് കഴിയാത്ത വിധിയാണ് ഉണ്ടായത്.
അര നൂറ്റാണ്ടായി കെ.എം മാണി കുത്തകയാക്കി വച്ചിരുന്ന പാലാ സീറ്റ് മാണി സി. കാപ്പനിലൂടെ ഇടതു മുന്നണി പിടിച്ചെടുത്തെങ്കിലും ജോസ് ഇടതു മുന്നണിയിലെത്തിയതോടെ ജോസിന് പാലാ നൽകുമെന്ന പ്രചാരണവും ശക്തമായി. ഇതിനെതിരെ മാണി സി. കാപ്പൻ രംഗത്തെത്തിയതോടെ ഇരുവരും കടിപിടി കൂടുന്ന സ്ഥിതിയായി. ഇടതു മുന്നണി ഒന്നും വിട്ടു പറയുന്നില്ലെങ്കിലും പാലായിൽ കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന ബോംബ് ജോസിന്റെ ശത്രുവായ ജോസഫ് പൊട്ടിച്ചുകഴിഞ്ഞു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെചൊല്ലി ഇടഞ്ഞായിരുന്നു ജോസ് വിഭാഗം യു.ഡി.എഫ് വിട്ടത്. ജോസ് പോയത് കൊണ്ട് ഒരു ചുക്കും സംഭവിക്കില്ലെന്ന് യു.ഡി.എഫ് നേതാക്കൾ ആവർത്തിച്ചെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിൽ മദ്ധ്യകേരളത്തിലെ യു.ഡി.എഫ് കോട്ടയിൽ ഇടതു മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞത് ജോസിന്റെ നേട്ടമായാണ് ചിത്രീകരിച്ചത്. യു.ഡി.എഫിൽ നിന്നതിലും കുറച്ചു തദ്ദേശ ഭരണ സ്ഥാപനങ്ങളേ ഇടതു മുന്നണിയിലെത്തിയപ്പോൾ ജോസിന് ലഭിച്ചുള്ളൂ. എന്നാൽ ജോസിന്റെ പിന്തുണയിൽ പാലാ നഗരസഭയ്ക്കു പുറമേ നിരവധി ബ്ലോക്ക് ഗ്രാമപഞ്ചായത്തുകൾ പിടിച്ചെടുക്കാൻ ഇടതു മുന്നണിക്ക് കഴിഞ്ഞു. കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളും ലഭിച്ചതോടെ ജോസിന് ഇടതു മുന്നണിയിൽ ചുവപ്പ് പരവതാനി വിരിച്ചായിരുന്നു സി.പി.എം സ്വീകരണം. അതോടെ ജോസിനെതിരെ കാപ്പൻ രംഗത്തെത്തി. ജോസ് വന്നതു കൊണ്ട് ഇടതു മുന്നണിക്ക് നേട്ടമുണ്ടായിട്ടില്ലെന്നു സ്ഥാപിച്ച കാപ്പൻ, പാലാക്കു വേണ്ടി പിടിമുറുക്കി. സീറ്റു കിട്ടുന്നില്ലെങ്കിൽ യു.ഡി.എഫിലേക്ക് ചായാനുള്ള കരുക്കൾ കാപ്പൻ നീക്കി തുടങ്ങിയെന്നതിന്റെ തെളിവാണ് പി.ജെ. ജോസഫിന്റെ പ്രഖ്യാപനം.
2021ലേക്ക് കടക്കുമ്പോൾ മാണി സി. കാപ്പന്റെ നേതൃത്വത്തിൽ എൻ.സി.പിയിലെ ഒരു വിഭാഗം ഇടതു മുന്നണി വിട്ട് യു.ഡി.എഫിൽ എത്തിച്ചേരുമോ? പാലാ സീറ്റിൽ കാപ്പനും ജോസും രണ്ടു മുന്നണിയിൽ നിന്നു മത്സരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.