പൊൻകുന്നം : വെബ്‌സൈറ്റിൽ ഡേറ്റ പുതുക്കാത്തതിനാൽ ആർ.ടി ഓഫീസിലെ ഇടപാടുകൾക്ക് കാലതാമസം നേരിടുന്നതായി പരാതി. കാഞ്ഞിരപ്പള്ളി ജോ.ആർ.ടി ഓഫീസിൽ വിവിധ ആവശ്യങ്ങൾക്ക് നൽകുന്ന അപേക്ഷകളിൽ യഥാസമയം തീർപ്പുകൽപ്പിക്കുന്നില്ലെന്നാണ് ആക്ഷേപം. വാഹന രജിസ്‌ട്രേഷൻ, ആർ.സി പേരുമാറ്റൽ തുടങ്ങി വിവിധ ആവശ്യങ്ങൾക്കെത്തുന്നവരാണ് വലയുന്നത്. ഇടപാടുകൾ നടത്താൻ മോട്ടോർവാഹനവകുപ്പ് ഉപയോഗിക്കുന്ന പരിവാഹൻ വെബ് സൈറ്റിൽ ഡേറ്റ അപ്‌ഡേഷൻ നടത്താത്തതാണ് പ്രശ്‌നം. മൂന്നും നാലും തവണ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് അപേക്ഷകർ പറയുന്നു. പരിവാഹൻ സൈറ്റിൽ എന്റർ ചെയ്ത 6500 മുതൽ 8500 വരെയുള്ള നമ്പർ അപ്‌ഡേറ്റ് ചെയ്യാതെ വന്നതാണ് പരാതിക്കു കാരണമെന്നാണ് സൂചന. ഈ നമ്പറുകളിൽ ഉൾപ്പെടുന്നവർക്ക് വാഹനങ്ങളുടെ ഒരു ഇടപാടുകളും നടത്താൻ കഴിയുന്നില്ല.
ജോയിന്റ് ആർ.ടി ഓഫീസിൽ ലഭിക്കുന്ന അപേക്ഷകൾ കൃത്യമായി അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്നും പരാതികൾ ഉടനടി പരിഹരിക്കുമെന്നും അധികൃതർ പറഞ്ഞു.