കട്ടപ്പന: അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനമൂലം കുഴൽക്കിണർ നിർമാണ മേഖല പ്രതിസന്ധിയിലായെന്ന് എ.കെ.ബി.ഡി.സി.എ. ജില്ലാ കമ്മിറ്റി. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നു വാഹനങ്ങൾ വാടകയ്ക്ക് ലഭിക്കാത്ത സ്ഥിതിയാണ്. ഒരാഴ്ച്ചയോളമായി ജില്ലയിലൊരിടത്തും കുഴൽക്കിണർ നിർമാണം നടക്കുന്നില്ല. വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയാണ്. പി.വി.സി. പൈപ്പിന്റെ വില 70 ശതമാനത്തിലധികമാണ് വർദ്ധിച്ചത്. ഇന്ധനത്തിനു പുറമേ ഹാമർ, ബിറ്റ് തുടങ്ങിയവയുടെ വിലയും ഇരട്ടിലധികമായി. കൊവിഡ് വ്യാപനത്തെ തുടർന്ന് അന്യ സംസ്ഥാനക്കാർ സ്വദേശത്തേയ്ക്ക് മടങ്ങിയതിനാൽ തൊഴിലാളി ക്ഷാമവും നിലനിൽക്കുന്നു.
മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിൽ പാറയുടെ കാഠിന്യം കൂടുതലായതിനാൽ നിർമാണച്ചെലവ് കൂടുതലാണ്. കൂടാതെ ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം പല സ്ഥലങ്ങളിലും വാഹനമെത്തിക്കാൻ ചെലവ് അധികമാണ്. ഈ സ്ഥിതിയിൽ പഴയ നിരക്കിൽ കുഴൽക്കിണർ നിർമിക്കാൻ ബുദ്ധിമുട്ടാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് അസംസ്‌കൃത വസ്തുക്കളുടെ വില വർദ്ധനയ്ക്ക് ആനുപാതികമായി നിരക്ക് ഉയർത്താൻ നിർബന്ധിതരായിരിക്കുകയാണെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് റോബിൻ ചക്കാല, ജില്ലാ പ്രസിഡന്റ് ജെ. ജയകുമാർ, മനോജ് മുരളി, സന്തോഷ് കുമാർ പി.സി, കെ.പി. ബിനീഷ്, സിജു തോമസ്, സുനിമോൻ പി.എസ് എന്നിവർ അറിയിച്ചു.