
രാമപുരം: കടിച്ച പാമ്പിനെക്കൊണ്ടു തന്നെ വിഷമിറക്കിച്ചു; ഈഴവ വിഭാഗത്തിൽപ്പെട്ട ഷൈനി സന്തോഷിനെ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാക്കാൻ കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം തീരുമാനിച്ചു. ഷൈനിയെ ഒഴിവാക്കിക്കൊണ്ട് പുതിയതായി ജയിച്ചുവന്ന ഒരാളെ പ്രസിഡന്റാക്കാനായിരുന്നു കോൺഗ്രസ് ബ്ലോക്ക് - രാമപുരം മണ്ഡലംതലത്തിലുള്ള ചില നേതാക്കളുടെ നീക്കം.
ഈ നീക്കം 'കേരളകൗമുദി'യാണ് പുറത്തുകൊണ്ടുവന്നത്. തീരുമാനം നീട്ടിക്കൊണ്ടുപോയി ഷൈനിയെ തഴയാനായിരുന്നു നീക്കം. ഇതേ തുടർന്ന് വെട്ടിലായ ചില നേതാക്കൾ അടുത്ത കളിയുമായി രംഗത്തിറങ്ങി. 'ന്യൂനപക്ഷപ്രേമമാണ് ' ഇവർ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചത്. ഇതറിഞ്ഞ് ഇക്കാര്യവും കേരളകൗമുദി പ്രസിദ്ധീകരിച്ചതോടെ ഇതിനായി ചരടു വലിച്ചനേതാക്കൾക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. ഇതിനിടെ എതിർവിഭാഗത്തിലെ ചില മെമ്പർമാരെ സ്വാധീനിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഷൈനിക്കെതിരെ മത്സരിക്കാനും പ്രേരിപ്പിച്ചു. തുടരെ വാർത്തകൾ വരുകയും കോൺഗ്രസിന്റെ ഉന്നതനേതാക്കൾ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തതോടെയാണ് മനസ്സില്ലാ മനസ്സോടെ ഷൈനിയുടെ പേര് ആദ്യഘട്ടത്തിൽ തന്നെ പ്രാദേശികനേതാക്കൾക്ക് നിർദ്ദേശിക്കേണ്ടി വന്നത്.
ജോഷി ജോസഫ് കുമ്പളത്തിനാണ് ആദ്യം വൈസ് പ്രസിഡന്റ് പദവി. ഷൈനിയുടെ കാലാവധി കഴിയുമ്പോൾ ജോസഫ് ഗ്രൂപ്പിലെ ലിസമ്മ മത്തച്ചൻ രണ്ടുവർഷം പ്രസിഡന്റാകും. അപ്പോൾ കെ.കെ. ശാന്താറാമാകും വൈസ് പ്രസിഡന്റ്. അവസാന ഒന്നരവർഷം ചക്കാമ്പുഴ വാർഡിലെ സൗമ്യ സേവ്യർ പ്രസിഡന്റാകും. ആ കാലയളവിൽ റോബിൻ ഊടുപുഴയാകും വൈസ് പ്രസിഡന്റ്.
ഏഴാച്ചേരി ജി.വി. വാർഡിൽ നിന്ന് ഷൈനി സന്തോഷിന് ഇത്തവണ ഹാട്രിക് വിജയമാണ് ഉണ്ടായത്. 2010-ലും 15ലും ഈ വാർഡിനെ പ്രതിനിധീകരിച്ച ഷൈനി വൈസ് പ്രസിഡന്റും പ്രസിഡന്റുമായി പ്രവർത്തിച്ചിട്ടുണ്ട്. വെള്ളിലാപ്പിള്ളി കിഴക്കേക്കര കുടുംബാംഗമാണ് ഷൈനി. ഭർത്താവ് സന്തോഷ് കോൺഗ്രസ് നേതാവാണ്. അമ്മു സന്തോഷ്, മനീഷ് സന്തോഷ് എന്നിവരാണ് മക്കൾ.