പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ
പാലാ : പ്രവാസിയായ വീട്ടമ്മയെ വാഹനം തടഞ്ഞുനിറുത്തി ആക്രമിച്ച കേസിൽ ഒടുവിൽ കൂടുതൽ വകുപ്പുകൾ ചേർക്കാൻ പാലാ പൊലീസ് തയ്യാറായി. നേരത്തെ തനിക്ക് നേരെ കത്തിവീശിയെന്നും കല്ലിനിടിയ്ക്കാൻ ശ്രമിച്ചുവെന്നും വീട്ടമ്മ മൊഴി നല്കിയിരുന്നുവെങ്കിലും അതൊന്നും രേഖപ്പെടുത്താൻ പൊലീസ് തയ്യാറായിരുന്നില്ല. ആദ്യഘട്ടത്തിൽ 323, 294-ബി വകുപ്പുകളാണ് ചേർത്തത്. ഇന്നലെ പാലാ ഡിവൈ.എസ്.പി സാജു വർഗ്ഗീസിന്റെ നിർദ്ദേശപ്രകാരം വീണ്ടും വീട്ടമ്മയുടെ മൊഴി എടുക്കുകയും 354, 506(2) വകുപ്പുകൾ ഉൾപ്പെടുത്തുകയായിരുന്നു.
അതേസമയം സംഭവം നടന്നിട്ട് അഞ്ച് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഉള്ളനാട്ടിലെ വീട്ടിൽ നിന്ന് പ്രതി മുങ്ങിയെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഇന്നലെയും ഇയാൾ ഉള്ളനാട്ടിൽ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇയാളുടെ അയൽവാസിയായ ഒരുഗ്രേഡ് എസ്.ഐയെ തന്നെയാണ് അക്രമിയെ പിടികൂടാൻ പൊലീസ് നിയോഗിച്ചിരുന്നത്. വീട്ടമ്മയെ പ്രതി ആക്രമിക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ധരിച്ചിരുന്ന ഷർട്ടൂരിയെറിഞ്ഞതിന്‌ശേഷം വീട്ടമ്മയുടെ കഴുത്തിന് പിടിക്കാൻ വരുന്ന ദൃശ്യം വീട്ടമ്മ തന്നെയാണ് മൊബൈലിൽ പകർത്തിയതെന്ന് പറയപ്പെടുന്നു. ഇതുകണ്ടയുടൻ പ്രതി വീട്ടമ്മയുടെ നെഞ്ചിന് ആഞ്ഞിടിക്കുകയുമായിരുന്നു. ഇന്നലെ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ വീട്ടമ്മയുടെ വസതിയിലെത്തി വിശദമായ മൊഴിരേഖപ്പെടുത്തി. ആരോപണ വിധേയരായ ഒരുഗ്രേഡ് എസ്.ഐ അന്നത്തെ ജി.ഡി. ചാർജുകാരൻ ഒരു വനിതാ പൊലീസ് എന്നിവർക്കെതിരെ വകുപ്പുതല നടപടിയുണ്ടാകുമെന്നാണ് സൂചന.