cm

കോട്ടയം: സുപ്രീംകോടതിവിധി നടപ്പാക്കാൻ ഭരണഘടനാപരമായ ചുമതലയുള്ള മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത പക്ഷപാതമാണ് കാട്ടുന്നതെന്ന് ഓർത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു. ഒരു സഭയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ മറ്റ് സഭകൾ ഇടപെടുന്ന ശൈലി മുമ്പുണ്ടായിട്ടില്ല. മുഖ്യമന്ത്രി അതിനും വഴിയൊരുക്കി. സഭാതർക്കം നിലനിറുത്തി ലാഭം കൊയ്യാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കും.

മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയോടുളള വെല്ലുവിളിയാണ്. ഓർത്തഡോക്‌സ് സഭയുടെ വീഴ്ചകൾ എന്ന നിലയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ സമൂഹത്തിൽ തെറ്റിദ്ധാരണയ്ക്ക് കാരണമാകും. സഭയെ കുറ്റപ്പെടുത്തി സംസാരിച്ചത് അത്യന്തം നിർഭാഗ്യകരമാണ്. ഒത്തുതീർപ്പുകൾക്ക് വഴിപ്പെടുന്നില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പ്രശ്‌നം രമ്യമായി പരിഹരിക്കാൻ സഭ എത്രവട്ടം ചർച്ചകകളിൽ പങ്കാളിയായി എന്ന് അദ്ദേഹം പരിശോധിക്കണം.

വിധി നടപ്പാക്കുകയല്ലാതെ മറ്റൊരു പ്രശ്‌നപരിഹാരത്തിനും ശ്രമിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി തന്നെ നിർദ്ദേശിക്കുന്നുണ്ട്. എങ്കിലും മുഖ്യമന്ത്രിയെ ബഹുമാനിച്ച് സഭ ചർച്ചയ്ക്ക് തയ്യാറായെന്ന വസ്തുതയ്ക്ക് നേരെ അദ്ദേഹം കണ്ണടച്ചുവെന്നും മെത്രാപ്പോലീത്താ പറഞ്ഞു.