കട്ടപ്പന: കല്യാണത്തണ്ടിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുറ്റക്കാരെ പൊലീസ് സംരക്ഷിക്കുന്നതായി യുവാവിന്റെ കുടുംബം. കല്യാണത്തണ്ട് നിരപ്പേൽ രാഹുലി(33) നാണ് ഒക്ടോബർ 17ന് മർദനമേറ്റത്. അയൽവാസിയായ യുവതിയുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നും ഇവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ലെന്നും രാഹുലിന്റെ ഭാര്യ സിന്ധു, അമ്മ വിജയമ്മ എന്നിവർ ആരോപിച്ചു. കേസുമായി ബന്ധപ്പെട്ട് ചുമട്ട് തൊഴിലാളി നരിയംപാറ മുല്ലവന രാജീവി(46) നെ കട്ടപ്പന പൊലീസ് ചോദ്യം ചെയ്തിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കൈകാലുകൾ ഒടിഞ്ഞ രാഹുൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആംബുലൻസിൽ രാഹുലിനെ കട്ടപ്പന സ്റ്റേഷനിലെത്തിച്ച് പരാതി നൽകിയിട്ടും യുവതിക്കെതിരെ കേസെടുക്കാൻ പൊലീസ് തയാറാകുന്നില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിക്കുമെന്നും സിന്ധുവും വിജയമ്മയും പറഞ്ഞു.