നാട്ടുകാർക്കായി ജനതാ കാന്റീൻ
തിരുനക്കര മൈതാനം സൗന്ദര്യവത്ക്കരിക്കും
മാലിന്യ പ്രശ്നത്തിന് പരിഹാരം കാണും

 ശുദ്ധജലക്ഷാമത്തിന് പരിഹാരം

കോട്ടയം: തെരുവ് നായ്ക്കളുടെ ശല്യത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിനാവശ്യമായ പദ്ധതികൾ നടപ്പാക്കുമെന്ന് കോട്ടയം നഗരസഭാ ചെയപേഴ്സണും, വൈസ് ചെയർമാനുമായി തിരഞ്ഞെടുത്ത ബിൻസി സെബാസ്റ്റ്യനും, ബി. ഗോപകുമാറും പറഞ്ഞു. കോട്ടയം പ്രസ്ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

നായ്ക്കളെ വന്ധ്യം കരിക്കുന്ന പദ്ധതി പൂർണ വിജയം കാണാത്ത സാഹചര്യത്തിൽ മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി അവയെ സ്ഥിരമായി സംരക്ഷിക്കാനുള്ള ഷെൽട്ടർ ഉണ്ടാക്കാൻ കഴിയുമോ എന്ന് പരിശോധിക്കും. ശുചീകരണത്തിനും ശുദ്ധജല ക്ഷാമപരിഹാരത്തിനും പ്രാമുഖ്യം നൽകും. തിരുനക്കര മൈതാനം സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. പലരും സ്റ്റേജിൽ കിടന്നാണുറങ്ങുന്നത്. ഇത് ഒഴിവാക്കാൻ സംവിധാനമുണ്ടാക്കും. തിരുനക്കരമൈതാനം സൗന്ദര്യവത്ക്കരിക്കുന്നതിന്റെ ഭാഗമായി കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കും.

പൊലീസ് സ്റ്റേഷൻ കോടിമതയിലേക്ക് മാറ്റിയതോടെ സാമൂഹ്യവിരുദ്ധ ശല്യം കൂടി. നഗരത്തിൽ പൊലീസ് നിരീക്ഷണം ശക്തമാക്കാൻ ആവശ്യമായ നടപടി ഉണ്ടാകും. തിരുനക്കരയിലും നാഗമ്പടത്തും നഗരസഭ നൽകിയ സ്ഥലത്ത് പൊലീസ് എയ്ഡ് പോസ്റ്റുണ്ടെങ്കിലും പലപ്പോഴും പൊലീസിന്റെ സേവനം ലഭ്യമല്ല. കോടിമത മത്സ്യമാർക്കറ്റും ആധുനിക അറവു ശാലയും ഉടൻ തുറക്കുന്നതിനാവശ്യമായ നടപടി ഉണ്ടാവും പൊതു ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് നഗരസഭ മുൻകൈയെടുത്ത് പുതിയ കാന്റീൻ തുറക്കും.

കോടിമത - മണിപ്പുഴ ബൈപാസ് റോഡിൽ അടിയന്തിരമായി തെരുവുവിളക്കുകൾ സ്ഥാപിക്കും. അടുത്ത അഞ്ചു വർഷത്തെ നഗര വികസനം മുന്നിൽ കണ്ടുള്ള മാസ്റ്റർ പ്ലാൻ കൗൺസിൽ കൂടി തയ്യാറാക്കും. രാഷ്ട്രീയത്തിനതീതമായി എല്ലാവരെയും വിശ്വാസത്തിലെടുത്തുള്ള ഭരണമാവും ഉണ്ടാവുക. തുല്യ വോട്ട് വന്നു നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് ഭരണം ലഭിച്ചതെങ്കിലും ആറുമാസം കൂടുമ്പോൾ അവിശ്വാസ പ്രമേയത്തിലൂടെ ഭരണം നഷ്ടമാകുമെന്ന പേടിയില്ല. 52 കൗൺസിലർമാരിൽ 27 പേരുടെ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസ നോട്ടീസ് നൽകാനാകൂ. 22 അംഗങ്ങളുള്ള ഇടതുമുന്നണിയ്ക്ക് ബി.ജെ.പി പിന്തുണയോടെയേ അവിശ്വാസം നൽകാനാവൂ. ഇതിന് സാദ്ധ്യത കുറവാണെന്നും ഗോപകുമാർ പറഞ്ഞു.

പൊലീസ് സ്റ്റേഷൻ മൈതാനം പ്രസ് ക്ലബ് മൈതാനമാക്കും

പൊലീസ് സ്റ്റേഷൻ മൈതാനം പ്രസ് ക്ലബ് മൈതാനമെന്ന് പുനർ നാമകരണം ചെയ്യും. നേരത്തേ പ്രസ്ക്ലബ് മൈതാനമെന്നായിരുന്നു പേര്. പ്രസ്ക്ലബ് അവിടെ നിന്ന് കെ.എസ്. ആർ.ടി.സിക്ക് സമീപത്തേയ്ക്ക് മാറ്റിയതോടെ പഴയ പൊലീസ് സ്റ്റേഷൻ മൈതാനമെന്നായി. ഇതു പ്രസ് ക്ലബ് മൈതാനമെന്നാക്കണമെന്ന് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ ആവശ്യപ്പെട്ടിരുന്നു.ഇതു സംബന്ധിച്ച നിവേദനം കേരളകൗമുദി സ്പെഷ്യൽ കറസ് പോണ്ടന്റ് വി.ജയകുമാർ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനു നൽകി.