പാലാ : ഭൂരിപക്ഷം ലഭിക്കാത്ത പഞ്ചായത്തുകളിൽ ഭരണം പിടിക്കാനുള്ള അവസാന കരുനീക്കങ്ങളിൽ പാർട്ടികൾ സജീവമായതോടെ പ്രദേശത്തെ എട്ടോളം പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് അവ്യക്തത തുടരുന്നു. രാമപുരം, മുത്തോലി, ഭരണങ്ങാനം, കൊഴുവനാൽ, കിടങ്ങൂർ, മേലുകാവ്, പൂഞ്ഞാർ തെക്കേക്കര, തിടനാട് പഞ്ചായത്തുകളിലാണ് ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തത്. രാമപുരത്ത് ആകെയുള്ള 18 അംഗങ്ങളിൽ എട്ട് അംഗങ്ങളുള്ള യു.ഡി.എഫ് ഏതാണ്ട് ഭരണം ഉറപ്പാക്കിയിട്ടുണ്ട്. എൽ.ഡി.എഫിന് അഞ്ച് അംഗങ്ങളാണുള്ളത്. ബി.ജെ.പി മൂന്ന്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രന്മാരിൽ ചിലർ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് സൂചനയുണ്ട്. കോൺഗ്രസും ജോസഫ് വിഭാഗവും പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കാനാണ് സാധ്യത. ഭരണങ്ങാനം ഗ്രാമപഞ്ചായത്തിൽ യുഡിഎഫിനും എൽഡിഎഫിനും ആറംഗങ്ങൾ വീതമുണ്ട്. ഒരംഗമുള്ള ബിജെപി ആരെയും പിന്തുണച്ചില്ലെങ്കിൽ നറുക്കെടുപ്പിലൂടെയാകും പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. മുത്തോലിയിൽ ആറു വാർഡുകൾ നേടിയ ബി.ജെ.പി ഏതാണ്ട് ഭരണം ഉറപ്പാക്കിയ നിലയിലാണ്. 13 അംഗ ഉഭരണസമിതിയിൽ എൽ.ഡി.എഫിന് അഞ്ച് അംഗങ്ങളും, യു.ഡി.എഫിന് രണ്ട് അംഗങ്ങളുമുണ്ട്. ബി.ജെ.പിയ്ക്ക് ഒരംഗത്തിന്റെ പിന്തുണയാണ് വേണ്ടത്. നിയോജക മണ്ഡലം പ്രസിഡന്റും നിരവധിത്തവണ പഞ്ചായത്തംഗവുമായ രഞ്ജിത് മീനാഭവനാണ് പ്രസിഡന്റ് സ്ഥാനത്തിന് മുൻതൂക്കം. കൊഴുവനാലിൽ ആറംഗങ്ങളുള്ള എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചു. കിടങ്ങൂരിൽ ഏഴ് അംഗങ്ങളുള്ള എൽ.ഡി.എഫ് ഭരണത്തിനടുത്താണ്. യു.ഡി.എഫിലെ ജോസഫ് വിഭാഗത്തിന് മൂന്നംഗങ്ങളുണ്ട്. ഇവരുടെ പിന്തുണ ഉറപ്പിക്കാൻ ചർച്ചകൾ നടക്കുന്നുണ്ട്. എൻ.ഡി.എയ്ക്ക് അഞ്ച് അംഗങ്ങളുണ്ട്. ജോസഫ് വിഭാഗത്തിന്റെ പിന്തുണ ലഭിച്ചാൽ എൻ.ഡിഎ ഭരിക്കും. മേലുകാവ് പഞ്ചായത്തിൽ യുഡിഎഫിന് ആറും എൽഡിഎഫിന് അഞ്ചും സീറ്റുകളാണുള്ളത്. രണ്ട് സ്വതന്ത്രരുടെ നിലപാടാണു നിർണായകമാകുക. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ അഞ്ചു വീതം സീറ്റുകൾ യുഡിഎഫിനും എൽഡിഎഫിനുമുണ്ട്. നാലു സീറ്റുകളുള്ള ജനപക്ഷത്തിന്റെ നിലപാട് നിർണായകമാകും. തിടനാട് ഗ്രാമപഞ്ചായത്തിൽ എൽഡിഎഫിനാണ് കൂടുതൽ സീറ്റ് ആറെണ്ണം.