
കോട്ടയം: ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷൻമാരുടെയും ഉപാദ്ധ്യക്ഷൻമാരുടെയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ജില്ലാ പഞ്ചായത്തിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 71 പഞ്ചായത്തുകളിലും നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് വരണാധികാരികൾ നേതൃത്വം നൽകും.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാവിലെ 11നും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് രണ്ടിനുമാണ് നടക്കുക. ജില്ലാ പഞ്ചായത്തിൽ കളക്ടർ എം. അഞ്ജന നേതൃത്വം നൽകും.
ത്രിതല പഞ്ചായത്തുകളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഡിസംബർ 21നോ 26നോ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്നവർക്ക് ഇന്ന് രാവിലെ പത്തിന് മുതിർന്ന അംഗത്തിനു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യാം. ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം ഉറപ്പിച്ചെങ്കിലും സ്വതന്ത്രൻമാരുടേയും വിമതൻമാരുടേയും നിലപാടിൽ ആടിയുലഞ്ഞ് നിൽക്കുകയാണ് പല പഞ്ചായത്തുകളും.