medi

ഏറ്റുമാനൂർ: ഗുണനിലവാരം കുറഞ്ഞ മരുന്നു വിറ്റ മെഡിക്കൽ സ്റ്റോറിനും മരുന്ന് കമ്പനിക്കും ഉപഭോക്തൃ തർക്ക പരിഹാര കോടതി 30,000 രൂപ പിഴ ശിക്ഷ വിധിച്ചു.
ആർപ്പൂക്കര ഈസ്റ്റ് പള്ളി മാലിയിൽ പി.വി. സുനിലിന്റെ പരാതിയിൽ പനമ്പാലത്ത് പ്രവർത്തിക്കുന്ന കൊച്ചുവീട്ടിൽ മെഡിക്കൽസിനും സൺ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിക്കുമാണ് പിഴ. മരുന്ന് കമ്പനി 25000 രൂപയും മെഡിക്കൽ സ്റ്റോർ 5000 രൂപയും നൽകണം.

2017 ജൂൺ 26 നായിരുന്നു സംഭവം. ലോട്ടറി വില്പനക്കാരനായ സുനിൽ കോട്ടയം മെഡിക്കൽ കോളേജിലെ ഡോ.വി ജി ഹരികൃഷ്ണന്റെ കുറിപ്പടി അനുസരിച്ച് മോക്‌സ്‌ക്ലാവ് 625 മി.ഗ്രാം എന്ന മരുന്നു വാങ്ങി. വീട്ടിലെത്തി രണ്ടു ഗുളികകൾ കഴിച്ചു. മൂന്നാമത്തെ ഗുളിക കഴിക്കാനായി കവർ പൊട്ടിച്ചപ്പോൾ പൊട്ടി ഒലിച്ച നിലയിലായിരുന്നു. കടയിലെത്തി പരാതിപ്പെട്ടെങ്കിലും അവർ കൈമലർത്തി. തുടർന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. സുനിലിനു വേണ്ടി അഡ്വ.ആനി മാത്യു കോടതിയിൽ ഹാജരായി. പ്രസിഡന്റ് വി.എസ് മനുലാൽ അംഗങ്ങളായ ആർ ബിന്ദു, കെ.എം ആന്റോ എന്നിവരാണ് വിധി പറഞ്ഞത്.