
ചങ്ങനാശേരി: നാടൻ മഞ്ഞൾ കൃഷിയുമായി കുറിച്ചി കല്ലൂപറമ്പിൽ അജികുമാർ. പനച്ചിക്കാട് പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലാണ് നാടൻ മഞ്ഞൾ കൃഷി ചെയ്തിരിക്കുന്നത്. പൂർണ്ണമായും ജൈവ രീതിയിലാണ് കൃഷി ചെയ്യുന്നത്. മാർക്കറ്റിൽ വിവിധ തരത്തിലുള്ള മഞ്ഞൾ ലഭ്യമാണെങ്കിലും ജൈവ നാടൻ പച്ചമഞ്ഞൾ വിപണിയിൽ ലഭ്യമല്ല. മുൻ വർഷങ്ങളെക്കാൾ മഞ്ഞൾ വിലയിലും ഇടിവ് സംഭവിച്ചിട്ടുണ്ട്. അജികുമാർ മാർക്കറ്റിൽ മഞ്ഞൾ വില്പന ചെയ്യാറില്ല. വീട്ടാവശ്യങ്ങൾക്കും മറ്റും ഓർഡർ ആവശ്യപ്പെടുന്നത് അനുസരിച്ച് വില്ക്കുകയാണ് ചെയ്യുന്നത്. കിലോയ്ക്ക് 40 രൂപയാണ് വില. മഞ്ഞൾ കൃഷി കൂടാതെ കപ്പ, വാഴ, കാച്ചിൽ, ചെറുകിഴങ്ങ്, അടലാപ്പ് അഥവാ ഇറച്ചിക്കാച്ചിക്കയും കൃഷി ചെയ്യുന്നുണ്ട്. അടലാപ്പ് ഇന്ന് അന്യം നിന്നുപോകുന്ന ഭക്ഷ്യവിളയാണ്. രോഗപ്രതിരോധത്തിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. കൂടാതെ, സന്ധിവേദനയ്ക്കുള്ള ഔഷധ മരുന്നുകൂടെയാണ് ഇത്. മരങ്ങളിലും മറ്റും പടർത്തി പന്തൽ മാതൃകയിലാണ് ഇവ കൃഷി ചെയ്യുന്നത്. ഔഷധ സസ്യങ്ങളെക്കുറിച്ചും കൃഷിയെക്കുറിച്ചും വിവിധ സ്‌കൂളുകളിലും ഓൺലൈൻ മുഖേനയും ക്ലാസുകൾ എടുക്കുന്നുണ്ട് അജികുമാർ. നാടൻ മഞ്ഞൾ ആവശ്യമുള്ളവർക്ക് അജികുമാറിനെ ബന്ധപ്പെടാം. ഫോൺ: 8281818337.