nirmala

കോട്ടയം : വിവാഹ വാർഷിക ദിനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസ് എമ്മിലെ നിർമ്മല ജിമ്മി അധികാരമേറ്റു. വൈസ് പ്രസിഡന്റായി സി.പി.എമ്മിലെ ടി.എസ്. ശരതും ചുമതലയേറ്റു. ജനപക്ഷാംഗമായ ഷോൺ ജോർജ് രണ്ട് തിരഞ്ഞെടുപ്പിലും വിട്ടു നിന്നു. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫിന് ഭരണം ലഭിക്കുന്നത്. നിർമല രണ്ടാം തവണയാണ് പ്രസിഡന്റാകുന്നത്. നിർമല ജിമ്മി - പി.എ ജിമ്മിച്ചൻ ദമ്പതികളുടെ 35-ാം വിവാഹ വാർഷികം കൂടിയായിരുന്നു ഇന്നലെ.
ഇന്നലെ രാവിലെ നടന്ന വോട്ടെടുപ്പിൽ ഏഴിനെതിരേ 14 വോട്ടുകൾക്കായിരുന്നു നിർമ്മലയുടെ വിജയം. നിർമ്മലയ്ക്ക് 14 വോട്ടും കോൺഗ്രസിലെ രാധാ വി.നായർക്ക് ഏഴു വോട്ടുകളും ലഭിച്ചു. കെ.വി ബിന്ദുവാണ് നിർമ്മലയുടെ പേര് നിർദേശിച്ചത്. ശുഭേഷ് സുധാകരൻ പിന്തുണച്ചു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജോസഫ് ചാമക്കാല ടി.എസ്. ശരതിനെ നാമനിർദേശം ചെയ്തു. പി.എസ്.പുഷ്പമണി പിന്താങ്ങി. ശരതിന് 14 വോട്ടും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ ജോസ്‌മോൻ മുണ്ടയ്ക്കലിന് ഏഴു വോട്ടും ലഭിച്ചു.

യു.ഡി.എഫ് പിന്തുണയിൽ 2014ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നിർമ്മല ഇക്കുറി എൽ.ഡി.എഫ് പിന്തുണയിൽ ചുമതലയേൽക്കുകയായിരുന്നു. കേരള കോൺഗ്രസ് യു.ഡി.എഫ്. മുന്നണി വിടാൻ കാരണമായത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട തർക്കമായിരുന്നു. ഇതേത്തുടർന്നു ഇരു വിഭാഗവും അഭിമാന പ്രശ്‌നമായി കണ്ട ജില്ലാ പഞ്ചായത്ത് ഇടതുമുന്നണി പിടിച്ചെടുത്തു. വലിയ കക്ഷി സി.പി.എം ആയിരുന്നുവെങ്കിലും കേരള കോൺഗ്രസിന്റെ വരവ് ജില്ലയിൽ ആകെ ഗുണം ചെയ്‌തെന്ന കണക്കുകൂട്ടലിലാണ് ആദ്യ ടേമിൽ പ്രസിഡന്റ് സ്ഥാനം അവർക്ക് നൽകിയത്.
ആദ്യ രണ്ടു വർഷം കേരള കോൺഗ്രസിനും തുടർന്നുള്ള രണ്ടു വർഷം സി.പി.എമ്മിനും അവസാന ഒരു വർഷം സി.പി.ഐയ്ക്കും എന്നതാണ് ധാരണ. വൈസ് പ്രസിഡന്റ് സ്ഥാനത്തിൽ ആദ്യത്തെ രണ്ടു വർഷം സി.പി.എമ്മും അവസാന രണ്ടു വർഷം കേരള കോൺഗ്രസും ഇടയ്ക്കുള്ള ഒരു വർഷം സി.പി.ഐയും അധികാരം പങ്കിടും. തിരഞ്ഞെടുപ്പിന് ശേഷം നടന്ന അനുമോദന യോഗം സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. തോമസ് ചാഴികാടൻ എം.പി അദ്ധ്യക്ഷനായി. സി.കെ.ശശിധരൻ, ജോസ് പുത്തൻകാലാ, സെബാസ്റ്റ്യൻ കുളത്തിങ്കൽ, സഖറിയാസ് കുതിരവേലി തുടങ്ങിയവർ പ്രസംഗിച്ചു.

 മുഖ്യപരിഗണന കൊവിഡ് പ്രതിരോധം

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ അലോപ്പതി, ആയുർവേദ, ഹോമിയോ വകുപ്പുകളുമായി ചേർന്ന് പ്രതിരോധ നടപടികൾക്കാണ് പ്രഥമ പരിഗണനയെന്ന് നിർമ്മല പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കും ക്ഷേമം ഉറപ്പാക്കുന്ന പദ്ധതികൾ നടപ്പാക്കും. കാർഷിക മേഖലയിലെ സമഗ്ര വളർച്ച,​ ക്ഷീര കർഷകർക്ക് പ്രോത്സാഹനം, തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികൾ, ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരെ തൊഴിലുറപ്പ് പദ്ധതിയിലേക്ക് ആകർഷിക്കും. മുൻപ് പ്രസിഡന്റായിരുന്നപ്പോൾ ആരംഭിച്ച ഗുരുകുലം പദ്ധതി കൂടുതൽ സജീവമാക്കും. വിദ്യാഭ്യാസ, ആരോഗ്യ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും. ഡയാലിസിസ് രോഗികൾക്കായി പൊതുജന സഹകരണത്തോടെ പദ്ധതി രൂപീകരിക്കുന്നതും ആലോചിക്കുമെന്നും അവർ പറഞ്ഞു.