
എൽ.ഡി.എഫ് : 50
യു.ഡി.എഫ് : 19
ബി.ജെ.പി : 2
കോട്ടയം : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തദ്ദേശസ്ഥാപനങ്ങളിൽ യു.ഡി.എഫിന്റെ തേരോട്ടമായിരുന്നെങ്കിൽ ഇക്കുറി ചുവന്നു തുടുത്തു. ത്രിശങ്കുവിലായ പഞ്ചായത്തുകളിലും എൽ.ഡി.എഫ് അട്ടിമറി വിജയം നേടിയപ്പോൾ രണ്ട് പഞ്ചായത്തുകളിൽ അധികാരത്തിലെത്തി ബി.ജെ.പി ചുവടുറപ്പിച്ചു. 44 പഞ്ചായത്തുകളിൽ എൽ.ഡി.എഫും 16 പഞ്ചായത്തുകൾ യു.ഡി.എഫും ഒരു പഞ്ചായത്ത് ബി.ജെ.പിയും ഭരണം ഉറപ്പിച്ചാണ് ഇന്നലെ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങിയത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 16 പഞ്ചായത്തുകളിലടക്കം അട്ടിമറി നടന്നു. ഒടുവിൽ 50 പഞ്ചായത്തുകളിൽ എൽ.ഡി.എഫും, 19 പഞ്ചായത്തുകളിൽ യു.ഡി.എഫും രണ്ട് പഞ്ചായത്തുകളിൽ ബി.ജെ.പിയും അധികാരത്തിലെത്തി. പള്ളിക്കത്തോടിന് പുറമേ മുത്തോലിയിലാണ് ബി.ജെ.പി അധികാരത്തിലെത്തിയത്. എരുമേലിയിൽ വിമതന്റെ സഹായത്തോടെ യു.ഡി.എഫ് ഭരണം ഉറപ്പിച്ചിരുന്നെങ്കിലും ഒരംഗത്തിന്റെ വോട്ട് അസാധുവായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ തങ്കമ്മ ജോർജുകുട്ടിക്കൊപ്പം ഭാഗ്യം നിന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത പനച്ചിക്കാട് പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് അധികാരമേറ്റപ്പോൾ, മുളക്കുളത്ത് ഭാഗ്യം എൽ.ഡി.എഫിനൊപ്പമായി. ഏറ്റവും ചർച്ചയായ തിരഞ്ഞെടുപ്പ് പൂഞ്ഞാർ തെക്കേക്കരയിലായിരുന്നു. പി.സി. ജോർജിന്റെ ജനപക്ഷത്തിന്റെ പിന്തുണയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തി.