ldf

യു.ഡി.എഫ് : 18

ബി.ജെ.പി : 2

കോട്ടയം : ജില്ലയിലെ 71 പഞ്ചായത്തുകളിൽ 51 ഇടത്തും ഭരണം പിടിച്ച് ഇടതുമുന്നണി. ജില്ലാ പഞ്ചായത്തിന് പുറമെ 11 ബ്ലോക്കിൽ ഈരാറ്റുപേട്ടയൊഴിച്ച് പത്ത് ബ്ലോക്കും എൽ.ഡി.എഫ് ഭരിക്കും. നറുക്കെടുപ്പിൽ കുറവിലങ്ങാട്, ഭരണങ്ങാനം പഞ്ചായത്ത് നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ 53 ഗ്രാമപഞ്ചായത്തുകളിൽ ഭരണം ലഭിച്ചേനേ. പുതുപ്പള്ളിയും കോട്ടയവും അടക്കം ജില്ലയിലെ ഒമ്പതു നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്താൻ ഇടതിന് കഴിഞ്ഞപ്പോൾ 18 പഞ്ചായത്തുകളാണ് യു.ഡി.എഫിന് ലഭിച്ചത്. ബി.ജെ.പിയ്ക്ക് രണ്ടിടത്ത് ഭരണം ലഭിച്ചു.

പള്ളിക്കത്തോടിന് പുറമേ യു.ഡി.എഫ് ശക്തി കേന്ദ്രമായ മുത്തോലിയും ബി.ജെ.പിയ്ക്ക് ലഭിച്ചു. യു.ഡി.എഫ് അംഗങ്ങൾ ഇടത് പ്രസിഡന്റ് സ്ഥാനാർത്ഥിയെ പിന്തുണക്കാതിരുന്നതാണ് ബി.ജെ.പിയ്ക്ക് മുത്തോലി സ്വന്തമാക്കാൻ അവസരമൊരുക്കിയത്.

ഇടതിന്റേത് ചരിത്ര വിജയം : വാസവൻ

71 ഗ്രാമപഞ്ചായത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടി ഇടതുമുന്നണി ചരിത്രവിജയം നേടിയതായി സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ പുതുപ്പള്ളിയിലും തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കോട്ടയവും അടക്കം ജില്ലയിലെ ഒമ്പതു നിയമസഭാ മണ്ഡലങ്ങളിലും വോട്ട് വിഹിതത്തിൽ ഇടതുമുന്നണി മുന്നിലെത്തി. ജില്ലാ പഞ്ചായത്തിനു പുറമേ 11ൽ 10 ബ്ലോക്കും നേടി. നഗരസഭകളിലും ഇടതു മുന്നണിയായിരുന്നു മുന്നിൽ. ചാക്കിട്ടുപിടിത്തവും ലക്ഷങ്ങൾ ഇറക്കിയുമുള്ള അധാർമ്മിക വിജയമാണ് യു.ഡി.എഫിന്റേത്. കോട്ടയം നഗരസഭാ അദ്ധ്യക്ഷ സ്ഥാനം ഇടതുമുന്നണിക്ക് ലഭിച്ചേനെ. കോൺഗ്രസ് വിമത അംഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി ആവശ്യങ്ങൾ അംഗീകരിച്ച് അധാർമ്മികമായി ഭരണം പിടിക്കേണ്ടെന്ന് വച്ചതാണെന്നും വാസവൻ പറഞ്ഞു.

തീരുമാനം ജനങ്ങൾ അംഗീകരിച്ചു : ജോസ്

കേരള കോൺഗ്രസ് (എം) യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലെത്തിയ രാഷ്ട്രീയ തീരുമാനം ജനങ്ങൾ അംഗീകരിച്ചെന്ന് തെളിഞ്ഞതായി ജോസ് കെ മാണി പറഞ്ഞു. ഞങ്ങൾ മുന്നണി വിട്ടതോടെ യു.ഡി.എഫ് തകർന്നു. കേരള കോൺഗ്രസിന്റെ ശക്തിയിലായിരുന്നു യു.ഡി.എഫ് ഇതുവരെ നേട്ടം കൊയ്തത്. ജോസഫ് വിഭാഗത്തിന് ഒരു സ്വാധീനവുമില്ലെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പലയിടത്തും അട്ടിമറി
ജില്ലയിലെ 44 പഞ്ചായത്തുകളിൽ എൽ.ഡി.എഫും 16 പഞ്ചായത്തുകൾ യു.ഡി.എഫും ഒരു പഞ്ചായത്ത് ബി.ജെ.പിയും ഭരണം ഉറപ്പിച്ചാണ് ഇന്നലെ തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങിയത്. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന 16 പഞ്ചായത്തുകളിലടക്കം അട്ടിമറി നടന്നു. എരുമേലിയിൽ വിമതന്റെ സഹായത്തോടെ യു.ഡി.എഫ് ഭരണം ഉറപ്പിച്ചിരുന്നെങ്കിലും ഒരംഗത്തിന്റെ വോട്ട് അസാധുവായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽ.ഡി.എഫിലെ തങ്കമ്മ ജോർജുകുട്ടിക്കൊപ്പം ഭാഗ്യം നിന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത പനച്ചിക്കാട് പഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസ് അധികാരമേറ്റപ്പോൾ, മുളക്കുളത്ത് ഭാഗ്യം എൽ.ഡി.എഫിനൊപ്പമായി. ഏറ്റവും ചർച്ചയായ തിരഞ്ഞെടുപ്പ് പൂഞ്ഞാർ തെക്കേക്കരയിലായിരുന്നു. പി.സി. ജോർജിന്റെ ജനപക്ഷത്തിന്റെ പിന്തുണയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തി.

പഞ്ചായത്തുകൾ

എൽ.ഡി.എഫ്
ചെമ്പ്, മറവൻതുരുത്ത്, ടി.വി.പുരം, ഉദയനാപുരം, കടുത്തുരുത്തി, കല്ലറ, മുളക്കുളം, ഞീഴൂർ, തലയോലപ്പറമ്പ്, വെള്ളൂർ, മാഞ്ഞൂർ, നീണ്ടൂർ, കുമരകം, തിരുവാർപ്പ്, അയ്മനം, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി, കാണക്കാരി, വെളിയന്നൂർ, കരൂർ, കൊഴൂവനാൽ, കടനാട്, മീനച്ചിൽ, പൂഞ്ഞാർ, പൂഞ്ഞാർ തെക്കേര, തലനാട്, തിടനാട്,തലപ്പലം അകലക്കുന്നം, എലിക്കുളം, കൂരോപ്പട, പാമ്പാടി, മണർകാട്, കിടങ്ങൂർ, മാടപ്പള്ളി,പായിപ്പാട്, തൃക്കൊടിത്താനം, വാകത്താനം, ചിറക്കടവ്, കങ്ങഴ, വെള്ളാവൂർ, വാഴൂർ, കറുകച്ചാൽ, മണിമല, എരുമേലി, കാഞ്ഞിരപ്പള്ളി, കൂട്ടിക്കൽ, മുണ്ടക്കയം, പാറത്തോട്, കുറിച്ചി, പുതുപ്പള്ളി.

യു.ഡി.എഫ്
തലയാഴം, വെച്ചൂർ,ആർപ്പൂക്കര,അതിരമ്പുഴ, കുറവിലങ്ങാട്,ഉഴവൂർ,രാമപുരം,വാഴപ്പള്ളി, മീനടം, ഭരണങ്ങാനം,മേലുകാവ്, മൂന്നിലവ്,തീക്കോയി,,വിജയപുരം,അയർക്കുന്നം,നെടുംകുന്നം,കോരുത്തോട്,പനച്ചിക്കാട്.

എൻ.ഡി.എ
പള്ളിക്കത്തോട്, മുത്തോലി