കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിൽ ബി. ജെ. പി ക്ക് ഒരു സീറ്റ് മാത്രമേ കിട്ടിയുള്ളുവെങ്കിലും ഏക അംഗം പ്രസിഡന്റായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സുരേഷ് കുഴിക്കാട്ടാണ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് . ജില്ലയിൽ ആദ്യമായാണ് ബി.ജെ.പി. അംഗം പഞ്ചായത്ത് പ്രസിഡന്റാകുന്നത്. എന്ന പ്രത്യേകതകൂടി ഈ വിജയത്തിനുണ്ട്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരുന്നു. പട്ടികജാതി വിഭാഗത്തിൽനിന്നും വേറെ ആരും തിരഞ്ഞെടുക്കപ്പെട്ടില്ല. ഇതാടെ സുരേഷ് കുഴിക്കാട്ട് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി വരണാധികാരി അറിയിച്ചു. 16 അംഗ പഞ്ചായത്തിൽ എൽ.ഡി.എഫ് 9, യു.ഡി.എഫ് 6, ബി.ജെ.പിഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സാലി ജോളി, യു.ഡി.എഫിലെ ഷിജി സിബിയെ ആറിനെതിരെ ഒൻപത് വോട്ടുകൾക്ക് തോൽപ്പിച്ചു. സുരേഷ് കുഴിക്കാട്ട് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കട്ടപ്പന മൈനർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ ആർ.ശ്രീനിവാസനായിരുന്നു വരണാധികാരി.