കട്ടപ്പന: വണ്ടൻമേട് പഞ്ചായത്ത് പ്രസിഡന്റായി സി.പി.എമ്മിലെ സിബി എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ സിബി എബ്രഹാമിന് 10 വോട്ടും കോൺഗ്രസിലെ രാജു മാട്ടുക്കാരന് നാല് വോട്ടും ബി.ജെ.പിയിലെ ജി.പി. രാജുവിന് മൂന്ന് വോട്ടും ലഭിച്ചു. അതേസമയം സ്വതന്ത്ര അംഗം സുരേഷ് മാനങ്കേരിയുടെ വോട്ടും എൽ.ഡി.എഫിനാണ്. കോൺഗ്രസ് വണ്ടൻമേട് മണ്ഡലം മുൻ പ്രസിഡന്റാണ് സുരേഷ്. വിപ്പ് നൽകിയതനുസരിച്ച് കേരള കോൺഗ്രസ് ജോസഫ് പ്രതിനിധി വോട്ടെടുപ്പിൽ നിന്നു വിട്ടുനിന്നു. അട്ടിമറി സാദ്ധ്യത മുന്നിൽക്കണ്ട് കോൺഗ്രസ് അംഗങ്ങൾക്കും കേരള കോൺഗ്രസ് ജോസഫ് അംഗത്തിനും വിപ്പ് നൽകിയിരുന്നു. ഉച്ചകഴിഞ്ഞ് നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസി(ജോസ്) ലെ ഫിലോമിന രാജു വിജയിച്ചു. മുന്നണി ധാരണപ്രകാരം അഞ്ച് വർഷം സി.പി.എമ്മിന് പ്രസിഡന്റ് പദവിയും കേരള കോൺഗ്രസിന് വൈസ് പ്രസിഡന്റ് പദവിയുമാണ്. ഉടുമ്പൻചോല താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ സി. ശ്രീകുമാറായിരുന്നു വരണാധികാരി.