
ആർപ്പൂക്കര : ഒരിടത്ത് കല്യാണമേളം. മറുവശത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം താലിചാർത്തി വന്ന് മെമ്പർ. ഒമ്പതാം വാർഡ് അംഗം ആർപ്പൂക്കര കിഴക്കേപ്പറമ്പിൽ ഫിലിപ്പിന്റെ മകൻ അരുൺ ഫിലിപ്പാണ് കല്യാണവും വോട്ടെടുപ്പിനുമിടയിൽപ്പെട്ടത്. രാവിലെ 12 ന് കുടമാളൂർ സെന്റ് മേരീസ് ഫെറോന പള്ളിയിലായിരുന്നു പാലാ കടനാട് അഴകത്ത് അഗസ്റ്റിൻ റോസമ്മ ദമ്പതികളുടെ മകൾ അമലയുമായുള്ള വിവാഹം നിശ്ചയിച്ചിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ പങ്കെടക്കേണ്ടതിനാൽ വിവാഹ സമയം മാറ്റി. 11 ന് ആർപ്പൂക്കര പഞ്ചായത്ത് ഹാളിലെ പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പള്ളിയിൽ പോയി മിന്നു ചാർത്തി. ഉച്ചകഴിഞ്ഞ് ഭാര്യയുമായി എത്തി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പങ്കെടുത്തു. നവദമ്പതികളെ മധുരം നൽകിയാണ് മറ്റ് അംഗങ്ങൾ സ്വീകരിച്ചത്.