പാലാ:പ്രവാസിയായ വീട്ടമ്മയെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ച സംഭവത്തിൽ കേസ് അന്വേഷണം പാലാ പൊലീസിൽ നിന്നും പാലാ ഡി.വൈ.എസ്.പി സാജു വർഗീസ് ഏറ്റെടുത്തു.പാലാ പൊലീസിന്റെ അന്വേഷണത്തിൽ നിരവധി പാളിച്ചകൾ ഉള്ളതായി പരാതിക്കാരിയും പിന്നീട് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് അന്വേഷണം ഡി.വൈ.എസ്.പി നേരിട്ട് ഏറ്റെടുത്തത്. ഉള്ളനാട് കവലയിൽ ക്രിസ്മസ് ദിനത്തിൽ നടന്ന സംഭവത്തിലെ ദൃക്‌സാക്ഷിയായ വ്യാപാരിയുടെ മൊഴി അന്വേഷണസംഘത്തിലെ ഒരു ഗ്രേഡ് എസ്.ഐയും രണ്ട് പൊലീസുകാരും ചേർന്ന് കൃത്രിമമായി എഴുതിച്ചേർത്തതാണന്നും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു.

താൻ ഒരു പൊലീസുകാർക്കും ഇങ്ങനെയൊരു മൊഴി കൊടുത്തിട്ടേയില്ലായിരുന്നുവെന്ന് വ്യാപാരി പറഞ്ഞു. ഇതേത്തുടർന്ന് ഇന്നലെ വൈകിട്ട് ഡി.വൈ.എസ്.പി നേരിട്ട് ഇയാളുടെ സാക്ഷിമൊഴി രേഖപ്പെടുത്തി. വീട്ടമ്മയെ ആക്രമിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ തന്റെ തലയ്ക്ക് നേരെ അക്രമി ചുടുകട്ട എറിയുകയും ഉടുമുണ്ട് വലിച്ചുപറിക്കുകയും ചെയ്തതായി വ്യാപാരി മൊഴി നൽകി. അതേസമയം പ്രതി ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിൾ സ്‌റ്റേഷനിൽ നിന്നും തിരികെ ലഭിക്കുന്നതിനായി ഇയാളുടെ ചില സുഹൃത്തുക്കൾ പാലാ സ്റ്റേഷനിലെ പൊലീസുകാർക്ക് മദ്യസൽക്കാരവും മറ്റും നടത്തിയതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതായി അറിയുന്നു. ഗ്രേഡ് എസ്.ഐയും അഞ്ച് പൊലീസുകാരുമാണ് ഈ സൽക്കാരത്തിൽ പങ്കെടുത്തതെന്നാണ് സൂചന.എന്നാൽ സംഭവം വിവാദമായതോടെ മോട്ടോർ സൈക്കിൾ ഇവർക്ക് തിരികെ കൊടുക്കാൻ പൊലീസിന് കഴിഞ്ഞില്ല.
ഇതിനിടെ ഒളിവിലാണന്ന് പൊലീസ് പറയുന്ന പ്രതി ഇന്നലെ കോട്ടയം കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ജനുവരി 1നാണ് ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.


ഇന്ന് നടപടിയുണ്ടായേക്കും

പാലാ:കേസൊതുക്കാൻ പ്രധാന ചരട് വലി നടത്തിയ ഗ്രേഡ് എസ്.ഐയ്‌ക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും.സസ്‌പെൻഷനോ അല്ലെങ്കിൽ മറ്റൊരു
സ്‌റ്റേഷനിലേക്ക് സ്ഥലംമാറ്റമോ ഉണ്ടാകുമെന്നാണ് സൂചന. ഇയാളോടൊപ്പം കേസ് അട്ടിമറിക്കാൻ പങ്കുചേർന്ന മൂന്ന് പൊലീസുകാർക്കെതിരെയും പരാതിയുടെ രസീത് ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ വീട്ടമ്മയോടും 10 വയസുകാരി മകളോടും മോശമായി പെരുമാറിയ ഒരു വനിതാ പൊലീസിനെതിരെയും വകുപ്പുതല നടപടികളുണ്ടാവുമെന്നാണ് സൂചന.സംഭവത്തിൽ കുറ്റക്കാരായ
പൊലീസുകാർക്കെതിരെ കർശന നടപടി വേണമെന്നും പ്രതിയെ എത്രയുംവേഗം പിടികൂടണമെന്നും ഇടത് മുന്നണിയിലെ പ്രമുഖനേതാക്കൾ പാലാ ഡി.വൈ.എസ്.പി യോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേസ് ചൂടുപിടിച്ചതോടെ പ്രതിയെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്റെ ശ്രമം.