
കോട്ടയം: മാണി സി. കാപ്പൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പാലായിൽ മത്സരിക്കുമെന്ന പി.ജെ. ജോസഫിന്റെ പ്രസ്താവന സൃഷ്ടിച്ച അലകൾ അടങ്ങിയിട്ടില്ല. കാപ്പൻ നിഷേധിച്ചെങ്കിലും ഇടതുമുന്നണി നേതാക്കൾക്കിടയിൽ കാപ്പനെ സംശയദൃഷ്ടിയോടെ കാണാനാണ് ഇത് വഴിയൊരുക്കിയത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ തന്നെ മത്സരിക്കുമെന്ന് മാണി സി. കാപ്പൻ അറിയിച്ചപ്പോൾ, ഇപ്പോൾ വിവാദത്തിനില്ലെന്നും, സീറ്റ് ചർച്ച ചെയ്യാൻ സമയമായിട്ടില്ലെന്നുമായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം.
" പാലായിൽ ഞാൻ തന്നെ മത്സരിക്കും അതിനാരും മനപ്പായസമുണ്ണേണ്ട. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതടക്കം തിരഞ്ഞെടുപ്പ് പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി. തദ്ദേശ പ്രതിനിധികളുടെയും നേതാക്കളുടെയും യോഗം ചേരും. പാലാ പിടിക്കാൻ ഇറങ്ങിക്കഴിഞ്ഞു" മേഘാലയയിൽ നിന്ന് തിരിച്ചെത്തിയ കാപ്പൻ വ്യക്തമാക്കി. പി.ജെ. ജോസഫിന്റെ പ്രസ്താവനയ്ക്ക് "പി.ജെ. ജോസഫ് കുടുംബ സുഹൃത്താണ്. ഞാനും എൻ.സി.പിയും ഇടതു മുന്നണിയിൽ തന്നെയാണ് ഇപ്പോഴും എന്നായിരുന്നു പ്രതികരണം .
ജില്ലാ പഞ്ചായത്തിനു പുറമെ, കോട്ടയത്തെ 71 ഗ്രാമപഞ്ചായത്തിൽ 51 ഉം, 11ൽ പത്ത് ബ്ലോക്കും ഇടതു മുന്നണി പിടിച്ചെടുത്തതിന്റെ ആഹ്ലാദം പ്രകടിപ്പിച്ച ജോസ് കെ. മാണി തങ്ങൾ യു.ഡി.എഫ് വിട്ട് ഇടതു മുന്നണിയിലെത്തിയ തീരുമാനം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണിതെന്ന് പറഞ്ഞു. ഇത്, ജോസ് വിഭാഗം വന്നിട്ടും ഇടതുമുന്നണിക്ക് നേട്ടമുണ്ടായില്ലെന്ന കാപ്പന്റെ പരിഹാസത്തിനുള്ള മറുപടി കൂടിയായി. " മാണി സി കാപ്പന് മറുപടി പറയാനില്ല. പാലാ സീറ്റ്ചർച്ചക്ക് സമയമായില്ല. എങ്കിലും വോട്ടർ പട്ടികയിൽ പേരു ചേർക്കലും പാർട്ടിയുടെ ബഹുജന അടിത്തറശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ കൂടി പങ്കാളിത്തത്തോടെ ഇടതുമുന്നണി നേടിയ ചരിത്ര വിജയത്തിന് ശേഷമുള്ള തിരക്കിലാണ്". ജോസ് പറയുന്നു.