പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ തുടർച്ചയായ ആറാം തവണയും എൽ.ഡി.എഫ് ഭരണത്തിലെത്തി. സി.പി.എം പ്രതിനിധികളായ അഡ്വ.സി.ആർ.ശ്രീകുമാർ പ്രസിഡന്റായും സതീസുരേന്ദ്രൻ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.ഇരുവർക്കും 14 വോട്ടുകൾ ലഭിച്ചു.പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ച ഗോപി പാറാന്തോടിനും, സിന്ധു ദേവി ടീച്ചർക്കും 5 വോട്ടുകൾ വീതം ലഭിച്ചു.
കോൺഗ്രസ് അംഗം വിട്ടുനിന്നു.20 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് 14, ബി.ജെ.പി 5, കോൺഗ്രസ് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില .തിരഞ്ഞെടുപ്പിന് ശേഷം കോൺഫറൻസ് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളും വിവിധ നേതാക്കളും സംസാരിച്ചു.
എലിക്കുളം ഗ്രാമപഞ്ചായത്തിലും എൽ.ഡി.എഫ് തുടർഭരണം നേടി. 9 വോട്ടുകൾ വീതം നേടി സി.പി.എമ്മിലെ എസ്.ഷാജി പ്രസിഡന്റായും ഇടത് സ്വതന്ത്രയായ സെൽവി വിത്സൺ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിൽ നിന്നും പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ച കെ.എം.ചാക്കോയ്ക്കും യമുന പ്രസാദിനും നാല് വോട്ടുകൾ വീതം ലഭിച്ചു.രണ്ട് ബി.ജെ.പി അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.കൊവിഡ് ബാധിതനായി ചികിത്സയിലായതിനാൽ സ്വതന്ത്രനായി വിജയിച്ച അംഗത്തിന് സത്യപ്രതിജ്ഞയിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പങ്കെടുക്കാനായില്ല.16 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് 9, യു.ഡി.എഫ് 4, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

വാഴൂർ ഗ്രാമപഞ്ചായത്തിൽ തുടർച്ചയായ രണ്ടാം തവണയും എൽ.ഡി.എഫ് ഭരണത്തിലെത്തി.11 വോട്ടുകൾ വീതം നേടിയ സി.പി.എമ്മിലെ വി.പി.റെജി പ്രസിഡന്റായും സി.പി.ഐയിലെ സിന്ധു ചന്ദ്രൻ വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.യു.ഡി.എഫിൽ നിന്നും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ച സുബിൻ മാത്യുവും ഓമന അരവിന്ദാക്ഷനും അഞ്ച് വോട്ടുകൾ വീതം നേടി. 16 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ്.11 യു.ഡി.എഫ് 6 എന്നിങ്ങനെയാണ് കക്ഷിനില.തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണി പ്രവർത്തകർ കൊടുങ്ങൂരിൽ ആഹ്ലാദ പ്രകടനം നടത്തി.

എൻ.ഡി.എക്ക് ജില്ലയിൽ ആദ്യമായി ഭരണം ലഭിച്ച പള്ളിക്കത്തോട് പഞ്ചായത്തിൽ പ്രസിഡന്റായി ബി.ജെ.പിയിലെ ആശാ ഗിരീഷും വൈസ് പ്രസിഡന്റായി ബി.ഡി.ജെ.എസിലെ അനിൽകുമാർ വീട്ടിക്കലും തിരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് മത്സരിച്ച എൽ.ഡി.എഫിലെ മോളിവിൽ സണും അനിൽകുന്നക്കാട്ടിനും നാല് വോട്ടുകൾ വീതം ലഭിച്ചു. യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു.13 അംഗ ഭരണസമിതിയിൽ എൻ.ഡി.എ 7, എൽ.ഡി.എഫ് 4, യു.ഡി.എഫ്. 2 എന്നിങ്ങനെയാണ് കക്ഷിനില.തിരഞ്ഞെടുപ്പിന് ശേഷം എൻ.ഡി.എ പ്രവർത്തകർ പള്ളിക്കത്തോട്ടിൽ ആഹ്ലാദ പ്രകടനം നടത്തി.

വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിന് തുടർഭരണം നേടാനായി.പ്രസിഡന്റായി സി.പി.എമ്മിലെ മുകേഷ്.കെ.മണിയും വൈസ് പ്രസിഡന്റായി കേരളാ കോൺഗ്രസി (എം) ലെ രണ്ജിനി ബേബിയും 10 വോട്ടുകൾ വീതം നേടി വിജയിച്ചു. യു.ഡി.എഫിൽ നിന്നും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സൗമ്യമോൾക്കും വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ശ്രീകലാ ഹരിക്കും മൂന്ന് വോട്ടുകൾ ലഭിച്ചു.13 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ്. 10, യു.ഡി.എഫ്. 3 എന്നിങ്ങനെയാണ് കക്ഷിനില