മുത്തോലിയിൽ ബി.ജെ.പി, ഭരണങ്ങാനത്തും രാമപുരത്തും കോൺഗ്രസ്
പാലാ:തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികൾ നിലവിൽവന്നപ്പോൾ പാലാ നഗരസഭയും മേഖലയിലെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ആറ് ഗ്രാമ പഞ്ചായത്തുകളും പിടിച്ചടക്കി ഇടത് ആധിപത്യം. എന്നാൽ കേരളാ കോൺഗ്രസ് ദീർഘകാലമായി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്ത് ഭരണം ബി.ജെ.പി പിടിച്ചെടുത്തത് മാണി ഗ്രൂപ്പിനും ഇടതുമുന്നണിക്കും കനത്ത തിരിച്ചടിയായി. രാമപുരത്ത് മാണി ഗ്രൂപ്പിനെ കടപുഴക്കി യു.ഡി.എഫ് ഭരണത്തിലേറിയതും ഇടതുമുന്നണിക്ക് പോരായ്മയായി. പാലാ നഗരസഭാ ചെയർമാൻ, ളാലം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവികൾ എന്നിവ കേരള കോൺഗ്രസ് എമ്മിനാണ്. രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും കേരള കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ട്.
തലനാട്, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, എലിക്കുളം ഗ്രാമപഞ്ചായത്തുകളിലാണ് ഇടതുപക്ഷത്തിന്റെ ഭരണസമിതികൾ നിലവിൽവന്നത്. ഭരണങ്ങാനത്ത് യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരേ സീറ്റു നിലയായിരുന്നതിനാൽ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്.
മുത്തോലി ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതോടെ ബി.ജെ.പി ഭരണംപിടിച്ചു. മേലുകാവ്, മൂന്നിലവ്, തലപ്പലം പഞ്ചായത്തുകളിൽ യു.ഡി.എഫും ഭരണംപിടിച്ചു. യു.ഡി.എഫ് ഭരണം പിടിച്ച മൂന്നിലവിൽ മാത്രമാണ് മുന്നണിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമുള്ളത്. മേലുകാവിലും തലപ്പലത്തും സ്വതന്ത്രരെ കൂട്ടിയാണ് ഭരണം നേടിയത്.