
എരമേലി : വിമതൻ പിന്തുണ കൊടുത്തിട്ടും എരുമേലിയിൽ ഭരണം പിടിക്കാൻ യു.ഡി.എഫിനായില്ല. അഞ്ചാം വാർഡിൽ നിന്ന് ജയിച്ച കോൺഗ്രസ് അംഗം സുനിമോളുടെ വോട്ട് അസാധുവായതോടെയാണ് യു.ഡി.എഫ് പ്രതീക്ഷകൾ പൊലിഞ്ഞത്. അങ്ങനെ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ തങ്കമ്മ ജോർജുകുട്ടി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 23 അംഗ പഞ്ചായത്തിൽ യു.ഡി.എഫ് : 11, എൽ.ഡി.എഫ് : 11, സ്വതന്ത്രൻ : 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. യു.ഡി.എഫ് വിമതനായി പത്താം വാർഡായ തുമരുംപാറയിൽ നിന്ന് ജയിച്ച ബിനോയ് ഉന്നത കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ബിനോയിയെ പഞ്ചായത്ത് വൈസ് പ്രസിഡന്റാക്കാനായിരുന്നു ധാരണ. പതിനെട്ടാം വാർഡായ എലിവാലിക്കരയിൽ നിന്നാണ് മുൻ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുകൂടിയായ തങ്കമ്മ ജോർജുകുട്ടി വിജയിച്ചത്. വൈസ് പ്രസിഡന്റ് സ്ഥാനം ബിനോയിക്ക് ലഭിച്ചു.